തൃശൂർ: വിപണിയിൽ അഞ്ച് കോടി വില വരുന്ന 5.300 കിലോഗ്രാം തിമിംഗല ഛർദിലുമായി (ആംബർ ഗ്രീസ്) ചാവക്കാട് സ്വദേശിയുൾപ്പെടെ രണ്ടു പേർ തൃശൂരിൽ പിടിയിൽ. ചാവക്കാട് അഞ്ചങ്ങാടി സ്വദേശി കറുത്ത വീട്ടിൽ റംഷാദ് (30), എറണാകുളം പള്ളുരുത്തി സ്വദേശി മുണ്ടക്കൽ വീട്ടിൽ ബിനോജ് (30) എന്നിവരാണ് ഷാഡോ പോലീസിന്റെയും തൃശൂർ ഈസ്റ്റ് പൊലീസിന്റെയും വലയിലായത്.
വീഡിയോ കാണാം
വെള്ളിയാഴ്ച രാത്രി എട്ടരയോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സ്വകാര്യ ഹോട്ടലിന് മുൻവശത്ത് നിൽക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. തിമിംഗല ഛർദിൽ വിൽപ്പന നടക്കുന്നുണ്ടെന്ന ഷാഡോ പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു.
കിലോഗ്രാമിന് ഒരു കോടി നിരക്കിലായിരുന്നു വിൽപ്പന ഉറപ്പിച്ചിരുന്നത്. ചാവക്കാട് കേന്ദ്രീകരിച്ചുള്ള വലിയ സംഘം ഇതിന്റെ പിന്നിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു. എ.സി.പി.മാരായ ഗോപാലകൃഷ്ണന്‍, രാജേഷ് എന്നിവരുടെ നിര്‍ദ്ദേശാനുസരണമായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ. സംഘത്തില്‍ ഈസ്റ്റ് സി.ഐ. ലാല്‍കുമാര്‍, എസ്‌ഐ.മാരായ പ്രമോദ്,ഗീതു, ഷാഡോ പോലീസ് അംഗങ്ങളായ സുവ്രതകുമാര്‍, റാഫി,ഗോപാലകൃഷ്ണന്‍, രാകേഷ്, ജീവന്‍, പളനിസ്വാമി, ലികേഷ്, വിപിന്‍ എന്നിവരാണ് സംഘത്തിലുണ്ടായി.