Friday, September 20, 2024

തിരഞ്ഞെടുപ്പ് തോൽവിയിൽ സി.പി.എം. ജില്ലാ കമ്മിറ്റി : ചാലക്കുടിയിൽ ജാഗ്രതക്കുറവ് ബോധപൂർവം

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ജാഗ്രതക്കുറവുണ്ടായതായി സി.പി.എം. ജില്ലാ കമ്മിറ്റി. ചാലക്കുടിയിലെ തോൽവിയിലെ ജാഗ്രതക്കുറവ് ബോധപൂർവമായിരുന്നുവെന്ന കുറ്റപ്പെടുത്തലുമുണ്ട്. നാട്ടിക ഫർക്ക ബാങ്ക് പ്രശ്നത്തിൽ ജില്ലാ കമ്മിറ്റി അംഗവും ജില്ലാപഞ്ചായത്തംഗവുമായ ഇ.എം. അഹമ്മദിനെ പരസ്യമായി ശാസിക്കാനും യോഗം തീരുമാനിച്ചു. പ്രശ്‌നത്തിൽ ഏരിയാ കമ്മിറ്റിക്ക് തെറ്റുപറ്റിയതായും കമ്മിറ്റി വിലയിരുത്തി. അഹമ്മദിനെതിരേ പരാതി നൽകിയ നാട്ടിക ഫർക്കാ ബാങ്ക് പ്രസിഡന്റ് ഐ.കെ. വിഷ്ണുദാസിനെയും പരസ്യമായി ശാസിക്കാൻ തീരുമാനിച്ചു.

ഈടില്ലാതെ 30 ലക്ഷം രൂപ ഒരു വ്യക്തിക്ക് വായ്പ നൽകാൻ അന്ന് ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന അഹമ്മദ് സമ്മർദം ചെലുത്തിയെന്നാണ് പരാതി. മറ്റ് ഏരിയാ കമ്മിറ്റി അംഗങ്ങളെക്കൊണ്ടും ബാങ്ക് പ്രസിഡന്റിനുമേൽ സമ്മർദം ചെലുത്തി. ബാങ്ക് പ്രസിഡന്റായ വിഷ്ണുദാസ് മേൽക്കമ്മിറ്റികൾക്ക് പരാതി നൽകി. തുടർന്ന് നാട്ടികയിൽ പാർട്ടിക്കുള്ളിലെ വടംവലി രൂക്ഷമായിരുന്നു.

വിഷ്ണുദാസിന്റെ മകളെ സാമൂഹികമാധ്യമങ്ങളിൽ അപമാനിക്കുന്നതുവരെയെത്തി പാർട്ടിക്കുള്ളിലെ പ്രശ്നം. വിഷ്ണുദാസിന്റെ മകളുടെ വിവാഹവാർഷികത്തിന് സാമൂഹികമാധ്യമത്തിലിട്ട ചിത്രത്തിന് ആരോപണവിധേയനായ ഏരിയാ കമ്മിറ്റിയംഗം ‘ആദരാഞ്ജലികൾ’ എന്ന കമന്റിട്ടത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

ഈടില്ലാതെ വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ രഹസ്യരേഖകൾ ഉൾപ്പെടുത്തിയെന്ന ആരോപണത്തിലാണിത് എന്നറിയുന്നു. അഹമ്മദിനെ ജില്ലാ കമ്മിറ്റിയിൽനിന്ന്‌ ഒഴിവാക്കണമെന്ന ജില്ലാ കമ്മിറ്റിയുടെത്തന്നെ ആവശ്യം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചില്ല. സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് ഇത്തരമൊരു നടപടി ദോഷം ചെയ്യുമെന്നതിനാലാണിത്. സംസ്ഥാന സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന എ. വിജയരാഘവൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി തീരുമാനിച്ചത്. ബുധനാഴ്‌ചയായിരുന്നു ഈ യോഗം. വ്യാഴാഴ്‌ച സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ എന്നിവർ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനം അറിയിച്ച് അംഗീകാരം നേടുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments