Sunday, November 10, 2024

പാലാ ബിഷപ്പിനെ അനുകൂലിച്ച് വാർത്താകുറിപ്പ്; തൃശൂരിൽ യു.ഡി.എഫിൽ ഭിന്നത; കൺവീനറെ മാറ്റണമെന്ന് ലീഗ്; ഇന്ന് യു.ഡി.എഫ് അടിയന്തര യോഗം വിളിച്ചു

തൃശൂർ: പാലാ ബിഷപ്പിൻ്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ അനുകൂലിച്ചുള്ള വാർത്താകുറിപ്പ് ചൊല്ലി തൃശൂർ യു.ഡി.എഫിൽ ഭിന്നത. കൺവീനർ സ്ഥാനത്ത് നിന്നും കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ കെ.ആർ ഗിരിജനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് രംഗത്തെത്തി. ലീഗ് അടക്കമുള്ള കക്ഷികൾ പരസ്യമായി എതിർപ്പ് അറിയിച്ചതോടെ ഇന്ന് യു.ഡി.എഫ് അടിയന്തര യോഗം വിളിച്ചു ചേർത്തു. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്‍റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നും അറിയിച്ച് ബിഷപ്പിനെ പിന്തുണച്ചതായിരുന്നു പ്രസ്താവന. ഡി.സി.സി പ്രസിഡന്റ്‌ ജോസ് വളളൂരും കേരള കോൺഗ്രസ് നേതാവ് ഗിരിജനെതിരെ വിമർശനമുയർത്തിയിട്ടുണ്ട്. വിവാദം സംസ്ഥാന തലത്തിൽ വലിയ ചർച്ചക്കാണ് ഇടയാക്കിയത്. കെ.പി.സി.സി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി സതീശനും നേതാക്കളെ ബന്ധപ്പെട്ട് അതൃപ്തി അറിയിച്ചു. അതേ സമയം വാർത്താകുറിപ്പ് തയാറാക്കിയതിൽ യാതൊരു ഗൂഢാലോചനയുമില്ലെന്ന് ജില്ല യു.ഡി.എഫ് കൺവീനർ കെ.ആർ ഗിരിജൻ പ്രതികരിച്ചു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൻ്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. യു.ഡി.എഫിലെ മറ്റ് കക്ഷികൾക്ക് എതിരഭിപ്രായം ഉണ്ടാകാം. താൻ തയ്യാറാക്കിയ വാർത്താക്കുറിപ്പ് ഡി.സി.സി നേതൃത്വം പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നുമാണ് ഗിരിജൻ പറയുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിനാണ് അടിയന്തിര യു.ഡി.എഫ് യോഗം. പിഴവ് ചെറുതല്ലെന്നും ഗിരിജനെ മാറ്റണമെന്നതിൽ ഉറച്ചു നിൽക്കുകയാണ് ലീഗ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments