ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂരില്‍ നിന്ന് ആറ് മാസം മുമ്പ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏങ്ങണ്ടിയൂര്‍ ചാണാശ്ശേരി സനോജ്-ശില്‍പ ദമ്പതികളുടെ മകന്‍ അമല്‍ കൃഷ്ണയുടെ മൃതദേഹമാണ് തളിക്കുളം പത്താംകല്ല് അശോക പെട്രോൾ പമ്പിനടുത്തെ ആളൊഴിഞ്ഞ വീടിനുള്ളിൽ തലയറ്റ് അഴുകിയ നിലയിൽ കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും ഫോറൻസിക് മേധാവികളുടേയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം അമൽ കൃഷ്ണയുടെതാണെന്ന് തിരിച്ചറിഞ്ഞത്. അമ്മയോടൊപ്പം ബാങ്കിലേക്ക് പോയ അമല്‍കൃഷ്ണയെ കഴിഞ്ഞ മാര്‍ച്ച് 18 മുതലാണ് കാണാതായത്. തുടർന്ന് അന്വേഷണം നടന്നുവരികയായിരുന്നു.
ദേശീയപാത വീതി കൂട്ടുന്നതിൻ്റെ ഭാഗമായി സമീപത്തെ കാസ്മോ ഫാസ്റ്റ്ഫുഡ് മാറ്റി സ്ഥാപിക്കുന്നതിനായി ഈ വീട് നോക്കാനെത്തിയപ്പോഴാണ് തലയറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് പരിശോധനയിൽ എ.ടി.എം കാർഡ് നശിപ്പിച്ച നിലയിലും പണം പിൻവലിച്ച റസീപ്റ്റും വസ്ത്രത്തിൽ നിന്ന് പണവും കണ്ടെത്തിയിരുന്നു.
വീടിനകത്തെ ഗോവണിയിൽ അമൽ എന്നെഴുതി ഫോൺ നമ്പറും ചേർത്തിരുന്നത് പരിശോധനയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി മൃതദേഹം കണ്ടെത്തിയ വീട്ടിൽ പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉന്നത പോലീസ് ഉദ്യേഗസ്ഥരെത്തി പരിശോധന നടത്തും. സന്ധ്യയോടെ മൃതദേഹാവശിഷ്ടങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി.