ടോക്കിയോ: നാലു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ടോക്കിയോ ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. ഇന്നു നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 3–1ന് പിന്നിലായിരുന്ന ഇന്ത്യ, ഐതിഹാസികമായ തിരിച്ചുവരവിലൂടെയാണ് മത്സരവും മെഡലും സ്വന്തമാക്കിയത്. സിമ്രൻജീത് സിങ്ങിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. 17, 34 മിനിറ്റുകളിലാണ് സിമ്രൻജീത് ലക്ഷ്യം കണ്ടത്.
ഹാർദിക് സിങ് (27), ഹർമൻപ്രീത് സിങ് (29), രൂപീന്ദർപാൽ സിങ് (31) എന്നിവരുടെ വകയാണ് മറ്റു ഗോളുകൾ. ജർമനിയുടെ ഗോളുകൾ ടിം ഹെർബ്രൂഷ് (രണ്ട്), നിക്കളാസ് വെല്ലെൻ (24), ബെൻഡിക്ട് ഫുർക് (25), ലൂക്കാസ് വിൻഡ്ഫെഡർ (48) എന്നിവർ നേടി.
ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു വെള്ളിയും ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ എന്നിവർ വെങ്കലവും നേടിക്കഴിഞ്ഞു. പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ‌്തിയിൽ (57 കിലോഗ്രാം) മെഡലുറപ്പിച്ച് രവികുമാർ ദാഹിയ ഫൈനലിലും കടന്നിട്ടുണ്ട്. അത് സ്വർണമോ വെള്ളിയോ എന്ന് ഇന്ന് വൈകീട്ട് അറിയാം.
നീണ്ട 41 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. 1980ലെ മോസ്കോ ഒളിംപിക്സിലെ സ്വർണമാണ് ഹോക്കിയിൽ ഇതിനു മുൻപ് ഇന്ത്യയുടെ അവസാനത്തെ മെഡൽ നേട്ടം. സെമിഫൈനലിൽ ബൽജിയത്തോട് തോറ്റതോടെയാണ് ഇന്ത്യ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയുമായി മത്സരിച്ചത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബൽജിയം ഇന്ത്യയെ തോൽപ്പിച്ചത്.
2008, 2012 ഒളിംപിക്സുകളിൽ സ്വർണം നേടിയ ശേഷം തുടരെ 2 ഗെയിംസിൽ ഫൈനലിലെത്തും മുൻപു പുറത്തായതിന്റെ ക്ഷീണം മാറ്റാൻ വെങ്കല മെഡൽ തേടിയിറങ്ങിയ ജർമനിയെ തകർപ്പൻ പ്രകടനത്തിലൂടെയാണ് ഇന്ത്യ തോൽപ്പിച്ചത്. റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാക്കളായ ജർമനി സെമിയിൽ ഓസ്ട്രേലിയയോടാണ് പരാജയപ്പെട്ടത്. 2017ൽ നടന്ന ഹോക്കി വേൾഡ് ലീഗ് വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യ 2–1ന് ജർമനിയെ തോൽപിച്ചിരുന്നു.
നേരത്തെ, ക്വാർട്ടറിൽ ബ്രിട്ടനെ 3–1നു തകർത്താണ് ഇന്ത്യൻ ടീം സെമിയിലെത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ ഓസ്ട്രേലിയയോട് 7–1ന്റെ കൂറ്റൻ തോൽവി വഴങ്ങിയെങ്കിലും ബാക്കി നാലു മത്സരങ്ങളും ജയിച്ചായിരുന്നു ക്വാർട്ടർ പ്രവേശം.