മലപ്പുറം: പ്രവാസി പ്രശ്നങ്ങളിൽ നിഷ്ക്രിയത്വം തുടരുന്ന കേന്ദ്ര സർക്കാരിനെതിരെ യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു. പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനയാത്രാ വിലക്കിൽ നയതന്ത്ര ഇടപെടൽ നട ത്താൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കോവാക്സിന് അനുമതി ലഭ്യമാക്കാനും ഇടപെട്ടില്ല. വിഷയത്തിൽ ഗൾഫ് രാജ്യങ്ങളുമായി കേന്ദ്രം ആശയവിനിമയംപോ ലും നടത്തുന്നില്ല. ഇതുമൂലം ലക്ഷക്കണക്കിന് പേരാ ണ് തിരിച്ചുപോകാനാവാതെ ബുദ്ധിമുട്ടുന്നത്. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ ജീവിതപ്രശ്നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ചത് സംസ്ഥാന സർക്കാർ മാത്രമാണ്. എന്നാൽ, കേന്ദ്രത്തിനെതിരെ മൗനം പാലിച്ച്, സംസ്ഥാന സർക്കാരിനെതിരെ ജനവികാരം ഉയർത്താനാണ് യു.ഡി.എഫ് ശ്രമം. ഇത് പ്രവാസികൾ തിരിച്ചറിയുമെന്നും അബ്ദുൾഖാദർ പറഞ്ഞു.
സി കെ കൃഷ്ണദാസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി, ജില്ലാ സെക്രട്ടറി ഗഫൂർ പി ലില്ലീസ്, സംസ്ഥാന കമ്മിറ്റി അംഗം ടി പി ദി ലീപ് എന്നിവർ സംസാരിച്ചു.