കൊച്ചി: ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ കയ്യാങ്കളി. ഇതിനെത്തുടർന്നു സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൽവഹാബ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. യോഗം റദ്ദാക്കിയെന്ന് അബ്ദുൽവഹാബ് മാധ്യമങ്ങളോടു അറിയിച്ചതിനു പിന്നാലെ യോഗം സംഘടിപ്പിച്ച സ്വകാര്യ ഹോട്ടലിനു മുന്നിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
പ്രവർത്തകരെ പുറത്താക്കി പൊലീസ് ഹോട്ടലിന്റെ ഗേറ്റ് പൂട്ടി. മന്ത്രി അഹമ്മദ് ദേവര്‍കോവിൽ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽവഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോൾ കൂട്ടത്തല്ലിൽ കലാശിച്ചത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് യോഗം ചേർന്നതിലും ആക്ഷേപം ഉയർന്നിട്ടുണ്ട്. സെന്‍ട്രല്‍ പൊലീസ് നല്‍കിയ നോട്ടിസ് അവഗണിച്ചാണ് സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നത്. സ്വകാര്യ ഹോട്ടലിനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിന്റെ നിയമനം, പാർട്ടിയുടെ അംഗത്വ വിതരണം തുടങ്ങിയവയിൽ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനാണ് യോഗം വിളിച്ചുചേർത്തത്.