ടോക്കിയോ: കായിക മഹാമേളയ്ക്ക് ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ തുടക്കം. ആധുനിക ഒളിംപിക്സിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വെല്ലുവിളികൾ നേരിട്ട പുതിയ പതിപ്പിന്, ടോക്കിയോയിലെ ഒളിംപിക് സ്റ്റേഡിയത്തിൽ വൻ കരിമരുന്നു പ്രകടനത്തോടെയാണ് ഔദ്യോഗിക തുടക്കമായത്. 2013ൽ ഒളിംപിക്സിന് ആതിഥ്യം അനുവദിച്ചതു മുതൽ ഇത് യാഥാർഥ്യമാകുന്നതുവരെ ജപ്പാൻ നേരിട്ട പ്രതിസന്ധികൾ വിവരിക്കുന്ന പ്രത്യേക വിഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
‘മുന്നോട്ട്’ എന്ന തീം ആധാരമാക്കിയാണ് ഉദ്ഘാടന ചടങ്ങുകൾ അണിയിച്ചൊരുക്കിയത്. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവർക്കും വിടപറഞ്ഞ ഒളിംപ്യൻമാർക്കും ആദരമർപ്പിച്ച് മൗനമാചരിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്. ജപ്പാൻ ചക്രവർത്തി നരുഹിത്തോയും രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ചടങ്ങിൽ പങ്കെടുത്തു.
41 വേദികളിൽ 33 കായിക ഇനങ്ങളിലായി 339 മെഡൽ വിഭാഗങ്ങളിലാണ് ടോക്കിയോയിൽ താരങ്ങൾ മത്സരിക്കുക. ഇന്ത്യയ്ക്കു വേണ്ടി 18 കായിക ഇനങ്ങളിലായി 126 താരങ്ങൾ കളത്തിലിറങ്ങും. ഇതിൽ ഒൻപത് മലയാളികളുമുണ്ട്. ഓഗസ്റ്റ് എട്ടിനാണ് ഒളിംപിക്സിന്റെ സമാപനം.