ടോക്കിയോ: ടോക്കിയോ ഒളിംപിക്സ് ഫുട്ബോളിൽ ബ്രസീലിന് വിജയത്തുടക്കം. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ബ്രസീൽ ജർമനിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു. കോപ്പ അമേരിക്കയിൽ ബ്രസീൽ ടീമിലുണ്ടായിരുന്ന സ്ട്രൈക്കർ റിച്ചാർലിസന്റെ ഹാട്രിക്കാണ് ബ്രസീലിന് തകർപ്പൻ ജയം സമ്മാനിച്ചത്. അണ്ടർ 23 ടീമുകൾ മാറ്റുരയ്ക്കുന്ന ഒളിംപിക്സ് ഫുട്ബോളിൽ, 23 വയസ്സിനു മുകളിലുള്ള മൂന്നു താരങ്ങളെ മാത്രമേ ഒരു ടീമിൽ അനുവദിക്കൂ. ആദ്യ പകുതിയിൽ റിച്ചാർലിസൻ നേടിയ ഹാട്രിക്കാണ് ജർമനിക്കെതിരെ ബ്രസീലിന് കരുത്തായത്. ഏഴ്, 22, 30 മിനിറ്റുകളിലാണ് റിച്ചാർലിസൻ ഗോൾ നേടിയത്.
ആദ്യപകുതിയുടെ ഇൻജറി ടൈമിൽ ബ്രസീലിന് ലഭിച്ച പെനൽറ്റി മത്തേയൂസ് കുഞ്ഞ നഷ്ടമാക്കി. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ രണ്ടാം മഞ്ഞക്കാർഡ് കണ്ട മാക്സ്‌മില്യൻ ആർണോൾഡ് പുറത്തുപോയിട്ടും രണ്ടു ഗോൾ തിരിച്ചടിക്കാൻ ജർമനിക്കായി. നദീം അമീറി (57), റാഗ്‌നർ അച്ചേ (84) എന്നിവരാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. എന്നാൽ, ഇൻജറി ടൈമിൽ പൗളീഞ്ഞോ കൂടി ലക്ഷ്യം കണ്ടതോടെ ബ്രസീൽ 4–2ന് വിജയമുറപ്പിച്ചു