ഗുരുവായൂർ: വഴിപാടുകാരനെ ലഭിച്ചതോടെ ഗുരുവായൂരിലെ ദീപം സ്തംഭത്തിൽ തിരി തെളിഞ്ഞു. വഴിപാടുകാരെ ലഭിക്കാത്തതിനാൽ രാമായണമാസാരംഭമായ കർക്കിടകം ഒന്നിന് ദീപ സ്തംഭത്തിൽ തിരി തെളിയിക്കാത്തതിൽ ഭക്തർ പ്രതിഷേധിച്ചിരുന്നു. പുണ്യ മാസത്തിൽ ദീപസ്‌തംഭം തെളിയിക്കാതെ കിടക്കുന്ന വിവരം അറിഞ്ഞ ഗുരുവായൂരിലെ ഒരു ഭക്തൻ ആറായിരം രൂപ അടച്ചതിനെ തുടർന്ന് ദേവസ്വം ദീപ സ്‌തംഭം തെളിയിക്കാൻ തയ്യാറാകുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് മുൻപാണ് പണം അടച്ചത് ഇതിനെ തുടർന്ന് വൈകീട്ട് ദീപ സ്തംഭം തെളിയിച്ചു . വിളക്ക് തെളിയിക്കാത്തതിൽ പ്രതിഷേധ സൂചകമായി പ്രാദേശിക ബി.ജെ.പി നേതൃത്വം ക്ഷേത്രത്തിലേക്ക് ഒരു ടിൻ എണ്ണ നൽകിയിരുന്നു .
കിഴക്കേ നടയിലെ ദീപ സ്‌തംഭം കത്തിക്കുന്നത് ഒരു അനാവശ്യ ചിലവായാണ് ക്ഷേത്രം അധികൃതർ കാണുന്നതെന്നാണ് ഭക്തരുടെ ആക്ഷേപം. അത് കൊണ്ടാണ് ഗുരുവായൂർ പോലെയുള്ള മഹാക്ഷേത്രത്തിൽ ഭക്തരുടെ വഴിപാടായി മാത്രം ദീപ സ്തംഭം തെളിയിക്കുന്നത്. ദേവസ്വം വർഷത്തിൽ അഷ്ടമിരോഹിണി തുടങ്ങിയ വിശേഷ ദിവസത്തിൽ മാത്രമാണ് സ്വന്തം നിലക്ക് ദീപം സ്‌തംഭം തെളിയിക്കുന്നത്. ബാക്കിയുള്ള ദിവസങ്ങളിൽ ഭക്തർ വഴിപാടായാണ് കത്തിക്കുന്നത്. ലോക്ക് ഡൗണിൽ ഭക്തരുടെ വരവ് ഇല്ലാതായതോടെ വഴിപാടുകാർ ഇല്ലാതായി. പകരം ദീപം തെളിയിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ക്ഷേത്രം അധികൃതർ തയ്യാറായുമില്ല.