Friday, September 20, 2024

ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഇറ്റലി സെമി ഫൈനലില്‍

മ്യൂണിക്ക്: ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തെ കീഴടക്കി ഇറ്റലി യൂറോ കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് അസൂറിപ്പട ബെൽജിയത്തെ കീഴടക്കിയത്.ഇറ്റലിയ്ക്കായി നിക്കോളോ ബരെല്ല, ലോറൻസോ ഇൻസീനി എന്നിവർ സ്കോർ ചെയ്തപ്പോൾ പെനാൽട്ടിയിലൂടെ റൊമേലു ലുക്കാക്കു ബെൽജിയത്തിനായി ആശ്വാസ ഗോൾ നേടി. ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഈ വിജയത്തോടെ തുടർച്ചയായ 32 മത്സരങ്ങൾ ഇറ്റലി പരാജയമറിയാതെ പൂർത്തിയാക്കി. മാൻചീനിയുടെ കീഴിൽ അദ്ഭുതക്കുതിപ്പ് തുടരുന്ന ഇറ്റലി സെമിഫൈനലിൽ സ്പെയിനിനെ നേരിടും. ബെൽജിയം തുടർച്ചയായ രണ്ടാം തവണയും യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ നിന്നും പുറത്തായി. 2016 യൂറോ കപ്പിലും ചുവന്ന ചെകുത്താന്മാർ സെമി കാണാതെ പുറത്തായിരുന്നു. കഴിഞ്ഞ തവണ ഇറ്റലിയും ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു.

മത്സരത്തിന്റെ ആദ്യ മിനിട്ടുകളിൽ തന്നെ ബെൽജിയവും ഇറ്റലിയും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇറ്റലിയും ബെൽജിയവും മികച്ച പ്രകടനം പുറത്തെടുത്തു. 13-ാം മിനിട്ടിൽ ബൊനൂച്ചിയിലിലൂടെ ഇറ്റലി ഗോൾ നേടിയെങ്കിലും വാറിലൂടെ റഫറി ഓഫ്സൈഡ് വിളിച്ചു.

16-ാം മിനിട്ടിൽ ബെൽജിയത്തിന്റെ ടിലമെൻസിന്റെ ലോങ്റേഞ്ചർ ഇറ്റാലിയൻ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 21-ാം മിനിട്ടിൽ ബെൽജിയത്തിന്റെ കെവിൻ ഡിബ്രുയിനെയുടെ ഗോളെന്നുറച്ച അത്യുഗ്രൻ ലോങ്റേഞ്ചർ അവിശ്വസനീയമായി ഇറ്റാലിയൻ ഗോൾകീപ്പർ ഡോണറുമ്മ തട്ടിയകറ്റി. 26-ാം മിനിട്ടിൽ റൊമേലു ലുക്കാക്കുവിന്റെ മികച്ച ഗ്രൗണ്ടറും ഡോണറുമ്മ തട്ടിയകറ്റി ഇറ്റലിയുടെ രക്ഷകനായി.

27-ാം മിനിട്ടിൽ ഇറ്റലിയുടെ ഇൻസീനിയുടെ വളഞ്ഞ ലോങ്റേഞ്ചർ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. എന്നാൽ 31-ാം മിനിട്ടിൽ ഇറ്റലി മത്സരത്തിൽ ലീഡെടുത്തു. മധ്യനിര താരം നിക്കോളോ ബരെല്ലയാണ് അസൂറികൾക്കായി ഗോൾ നേടിയത്.

ബെൽജിയം പ്രതിരോധം വരുത്തിയ ചെറിയ പിഴവിൽ നിന്നും പന്ത് കണ്ടെത്തിയ വെറാട്ടി ബെരല്ലയ്ക്ക് പാസ് നൽകി. പാസ് സ്വീകരിച്ച താരം രണ്ട് ബെൽജിയം പ്രതിരോധതാരങ്ങളെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഗോൾകീപ്പർ കുർട്വയ്ക്ക് ഒരു സാധ്യതയും നൽകാതെ പന്ത് സെക്കൻഡ് പോസ്റ്റിലിടിച്ച് വലയിലെത്തി. ഇതോടെ ഇറ്റലിയുടെ ആത്മവിശ്വാസം വർധിച്ചു. യൂറോ കപ്പിലെ ബരെല്ലയുടെ ആദ്യ ഗോളാണിത്.

40-ാം മിനിട്ടിൽ ഇറ്റലിയുടെ കിയേസയുടെ ലോങ്റേഞ്ചർ ബെൽജിയം പോസ്റ്റിന് തൊട്ടരികിലൂടെ കടന്നുപോയി. ഗോൾ വീണതോടെ ബെൽജിയം ആക്രമണം ശക്തമാക്കിയെങ്കിലും ഇറ്റാലിയൻ പ്രതിരോധത്തെ കീഴ്പ്പെടുത്താൻ സാധിച്ചില്ല. 44-ാം മിനിട്ടിൽ ഇറ്റലി ലീഡുയർത്തി. ഇത്തവണ ലോറൻസോ ഇൻസീനിയാണ് അസൂറികൾക്കായി ഗോൾ നേടിയത്.

പന്തുമായി ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും ഒറ്റയ്ക്ക് മുന്നേറിയ ഇൻസീനി തകർപ്പൻ ലോങ്റേഞ്ചറിലൂടെ പന്ത് വലയിലെത്തിച്ചു. ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. ഇതോടെ ഇറ്റലി 2-0 ന് മുന്നിലെത്തി.

എന്നാൽ ഇറ്റലിയുടെ സന്തോഷത്തിന് അടുത്ത മിനിട്ടിൽ തന്നെ ബെൽജിയം തിരിച്ചടി നൽകി. 45-ാം മിനിട്ടിൽ ബെൽജിയം മുന്നേറ്റതാരം ഡോകുവിനെ ഡി ലോറൻസോ ഇറ്റാലിയൻ ബോക്സിൽ വെച്ചു വീഴ്ത്തിയതിന് ബെൽജിയത്തിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു.

കിക്കെടുത്ത സൂപ്പർ താരം റൊമേലു ലുക്കാക്കു പന്ത് അനായാസം വലയിലെത്തിച്ച് ബെൽജിയത്തിനായി അക്കൗണ്ട് തുറന്നു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു. ആദ്യ പകുതിയിൽ ഇറ്റലി 2-1 എന്ന സ്കോറിന് ലീഡെടുത്തു.

രണ്ടാം പകുതിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. സമനില ഗോൾ നേടാനായി ബെൽജിയം അതിവേഗത്തിലുള്ള നീക്കങ്ങൾ നടത്തി. എന്നാൽ സ്ട്രൈക്കർ ലുക്കാക്കുവിലേക്ക് പന്തെത്തിക്കുന്നതിൽ മധ്യനിര പരാജയപ്പെട്ടു. 61-ാം മിനിട്ടിൽ ലുക്കാക്കു സുവർണാവസരം പാഴാക്കി. ഡിബ്രുയിനെയുടെ പാസിൽ ഗോൾകീപ്പർ പോലും കൃത്യമായി ഇല്ലാതിരുന്ന ഇറ്റാലിയൻ പോസ്റ്റിലേക്ക് ഗോളടിക്കാൻ താരത്തിന് അവസരം ലഭിച്ചു. എന്നിട്ടും ഓപ്പൺ പോസ്റ്റിലേക്ക് പന്ത് അടിച്ചുകയറ്റാൻ ലുക്കാക്കുവിന് സാധിച്ചില്ല. താരത്തിന്റെ ദുർബലമായ ടച്ച് സ്പിനാസോളയുടെ കാലിൽ തട്ടി പുറത്തേക്ക് പോയി.

65-ാം മിനിട്ടിൽ സ്പിനാസോളയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പോയി. 68-ാം മിനിട്ടിൽ ഇൻസീനിയയുടെ ലോങ്റേഞ്ചർ കുർട്വ തട്ടിയകറ്റി. 70-ാം മിനിട്ടിൽ തുറന്ന പോസ്റ്റിലേക്ക് ഗോളടിക്കാനുള്ള സുവർണാവസരം ലുക്കാക്കുവിന് ലഭിച്ചെങ്കിലും താരത്തിന് പന്ത് ഹെഡ് ചെയ്യാൻ പോലും സാധിച്ചില്ല. പിന്നാലെ വന്ന ഹസാർഡിനും പന്ത് പിടിച്ചടക്കാൻ സാധിച്ചില്ല. 78-ാം മിനിട്ടിൽ സ്പിനാസോള കാലിന് പരിക്കേറ്റ് പുറത്തായത് അസൂറികൾക്ക് തിരിച്ചടിയായി.

84-ാം മിനിട്ടിൽ മിന്നൽ വേഗത്തിലൂടെ ഇറ്റാലിയൻ ബോക്സിനകത്തേക്ക് കയറി പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച് ഷോട്ടുതിർത്തെങ്കിലും ഡോക്കുവിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 90-ാം മിനിട്ടിൽ ബോക്സിന് പുറത്തുനിന്നും ബെൽജിയത്തിന് ഫ്രീകിക്ക് ലഭിച്ചു. എന്നാൽ അത് ഗോളാക്കി മാറ്റാൻ ടീമിന് സാധിച്ചില്ല. അവസാന മിനിട്ടുകളിൽ സമനില ഗോൾ നേടാൻ ആഞ്ഞുശ്രമിച്ചെങ്കിലും ബെൽജിയം മുന്നേറ്റനിരയെ അസൂറികൾ സമർത്ഥമായി തന്നെ നേരിട്ടു. അർഹിച്ച വിജയം സ്വന്തമാക്കി കെല്ലിനിയും സംഘവും സെമി ഫൈനലിലേക്ക് കുതിക്കുകയും ചെയ്തു.”

RELATED ARTICLES
- Advertisment -

Most Popular

Recent Comments