സെയ്ന്റ് പീറ്റേഴ്സ്ബർഗ്: ഇത്തവണ ഭാഗ്യം സ്വിറ്റ്സർലൻഡിനെ തുണച്ചില്ല. പെനാൽട്ടി ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ തകർത്ത് സ്പെയിൻ യൂറോ കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-1 എന്ന സ്കോറിനാണ് സ്പെയിൻ സ്വിസ് പടയെ തകർത്തത്. തകർപ്പൻ സേവുകൾ നടത്തിയ ഗോൾകീപ്പർ ഉനൈ സിമോണിന്റെ പ്രകടന മികവിലാണ് സ്പെയിൻ സെമി ഫൈനലിലേക്ക് പ്രവേശിച്ചത്.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് പെനാൽട്ടി ഷൂട്ടൗട്ട് വേണ്ടിവന്നത്. നിശ്ചിത സമയത്ത് സ്വിറ്റ്സർലൻഡിനായി ഷെർദാൻ ഷാക്കിരി ഗോൾ നേടിയപ്പോൾ ഡെന്നിസ് സാക്കറിയയുടെ സെൽഫ് ഗോൾ സ്പെയിനിന് തുണയായി. പെനാൽട്ടി ഷൂട്ടൗട്ടിൽ സ്പെയിനിനായി ഡാനി ഓൽമോ, ജെറാർഡ് മൊറേനോ, മികേൽ ഒയാർസബാൽ എന്നിവർ സ്കോർ ചെയ്തപ്പോൾ സ്വിസ് ടീമിനായി മരിയോ ഗാവ്രനോവിച്ചിന് മാത്രമാണ് ലക്ഷ്യം കാണാനായത്. ഫാബിയാൻ ഷാർ, മാനുവേൽ അകാൻജി, റൂബൻ വർഗാസ് എന്നിവർക്ക് ലക്ഷ്യം കാണാനായില്ല.
പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെതിരേ പെനാൽട്ടി ഷൂട്ടൗട്ടിൽ അഞ്ച് കിക്കുകളും വലയിലെത്തിച്ച സ്വിസ് പടയ്ക്ക് ഇന്ന് ആ മികവ് പുറത്തെടുക്കാനായില്ല. തോറ്റെങ്കിലും തലയുയർത്തിയാണ് സ്വിസ് പട മടങ്ങുന്നത്. പത്തുപേരായി ചുരുങ്ങിയിട്ടും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. സൂപ്പർമാൻ സേവുകളുമായി കളം നിറഞ്ഞ സ്വിസ് ഗോൾകീപ്പർ യാൻ സോമർ ആരാധകരുടെ മനം കവർന്നു.
സെമിയിൽ ബെൽജിയം-ഇറ്റലി മത്സരത്തിലെ വിജയിയെയാണ് സ്പെയിൻ നേരിടുക.
ഗോൾകീപ്പർ യാൻ സോമറിന്റെ മിന്നും പ്രകടനം