തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഇതിന്റെ ഭാഗമായി ലോക്ഡൗൺ നിയന്ത്രണങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. സംസ്ഥാനത്ത് ടിപിആർ 10 ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളായിരിക്കും എ വിഭാഗത്തിൽ ഉൾപ്പെടുക. ടിപിആർ 6-12 ശതമാനമുള്ള പ്രദേശങ്ങൾ ബി, 12-18 ശതമാനമുള്ള പ്രദേശങ്ങൾ സി, 18ന് മുകളിലുള്ളത് ഡി എന്നിങ്ങനെയാക്കി നിശ്ചയിക്കും. നേരത്തെ 24ന് മുകളിലുള്ള പ്രദേശങ്ങളെയായിരുന്നു ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്.