സെവിയ്യ: പോർച്ചുഗലിനെ 1-0നു തോൽപിച്ച് ബൽജിയം ക്വാർട്ടർ ഫൈനലിൽ കടന്നു. 42-ാം മിനിറ്റിൽ തോർഗൻ ഹസാർഡാണ് വിജയഗോൾ നേടിയത്. രാജ്യാന്തര ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകഫുട്ബോളിൽ ഒറ്റയ്ക്ക് ഒന്നാമതെത്തുന്നതു കാണാൻ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് താരത്തിന്റെ മടക്കം. 109 ഗോളുകളുമായി ഇറാന്റെ അലി ദേയിക്കൊപ്പം നിൽക്കുകയാണ് ഇപ്പോൾ ക്രിസ്റ്റ്യാനോ.
42-ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നുള്ള ഉജ്വല ഷോട്ടിലൂടെയാണ് തോർഗൻ ഹസാർഡ് ബൽജിയത്തെ മുന്നിലെത്തിച്ചത്. ഗോളിനു 25 വാര അകലെ നിന്നു പന്തു കിട്ടിയ തോമസ് മ്യൂനിയർ അതു നേരെ തോർഗനു നൽകി. രണ്ടു ടച്ചുകൾക്കു ശേഷം തോർഗൻ തൊടുത്ത ഷോട്ട് പോർച്ചുഗൽ ഗോൾകീപ്പർ റൂയി പാട്രീഷ്യോയുടെ കയ്യിലുരസി വലയിലേക്കു പോയി.
2-ാം പകുതിയുടെ തുടക്കത്തിൽ കാൽമുട്ടിനു വേദന അലട്ടിയതിനെത്തുടർന്ന് മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്നെ പുറത്തു പോയെങ്കിലും ബൽജിയത്തിന്റെ ആത്മവിശ്വാസം ചോർന്നില്ല. കളിയുടെ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിൽ തുടർ മുന്നേറ്റങ്ങളുമായി പോർച്ചുഗൽ എതിർ ഗോൾമുഖം റെയ്ഡ് ചെയ്തെങ്കിലും ബൽജിയം പിടിച്ചു നിന്നു. 83-ാം മിനിറ്റിൽ റാഫേൽ ഗുറെയ്റോയുടെ ഷോട്ട് പോസ്റ്റിലിടിച്ചതും പോർച്ചുഗലിനു ദൗർഭാഗ്യമായി. ക്വാർട്ടറിൽ ഇറ്റലിയാണു ബൽജിയത്തിന്റെ എതിരാളികൾ