തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജിവയ്ക്കും. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി സംസാരിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്.
പരാമര്‍ശത്തെക്കുറിച്ച് ജോസഫൈന്‍ യോഗത്തില്‍ വിശദീകരിച്ചു. നേതാക്കളും ജോസഫൈന്റെ നിലപാടിനെ വിമര്‍ശിച്ചതായാണ് സൂചന. ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിനു മുന്നിലെത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ വ്യാപകമായ വിമര്‍ശനമാണ് ജോസഫൈനെതിരെ ഉയര്‍ന്നത്.
ടിവി പരിപാടിയിൽ പരാതി പറയാൻ വിളിച്ച സ്ത്രീയോട്, പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തില്ലെങ്കിൽ അനുഭവിച്ചോ എന്നു പറഞ്ഞുവെന്ന ആരോപണം ജോസഫൈൻ നിഷേധിച്ചു. പീഡനത്തെ തുടർന്നു പരാതി പറയാൻ വിളിക്കുന്നവരോട് ആദ്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് പറയുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. പരാതി പൊലീസ് സ്റ്റേഷനിൽ കൊടുക്കുന്നതാണ് ആദ്യപടിയെന്നും അവര്‍ പറഞ്ഞിരുന്നു.