ബ്രസീലിയ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ചിലിയെ തകർത്ത് പാരഗ്വായ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പാരഗ്വായുടെ ജയം. ഇതോടെ ഗ്രൂപ്പിൽ ഒരു മത്സരം ബാക്കിനിൽക്കേ ക്വാർട്ടർ ഉറപ്പിക്കാനും ടീമിനായി. ചിലി നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.
33-ാം മിനിറ്റിൽ ബ്രയാൻ സമുദിയോയും 58-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മിഗ്വൽ അൽമിറോണുമാണ് പാരഗ്വായുടെ ഗോളുകൾ നേടിയത്.
കാര്യമായ മുന്നേറ്റങ്ങൾ കാണാതിരുന്ന ആദ്യ പകുതിയിൽ 33-ാം മിനിറ്റിൽ ബ്രയാൻ സമുദിയോയാണ് പാരഗ്വായ്ക്കായി ആദ്യ ഗോൾ നേടിയത്. മിഗ്വൽ അൽമിറോൺ എടുത്ത കോർണർ സമുദിയോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. താരത്തെ മാർക്ക് ചെയ്യാതിരുന്ന ചിലിയൻ പ്രതിരോധത്തിന്റെ പിഴവും ഗോളിന് കാരണമായി.
15-ാം മിനിറ്റിൽ പാരഗ്വായ്ക്കാണ് ആദ്യ അവസരം ലഭിച്ചത്. മത്തിയാസ് വില്ലസാന്റിയുടെ ഷോട്ട് ക്ലോഡിയോ ബ്രാവോ തടഞ്ഞു. 16-ാം മിനിറ്റിൽ ഹെക്ടർ മാർട്ടിനിന്റെ ഹെഡർ പുറത്തേക്ക് പോയി.
21-ാം മിനിറ്റിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പും ലഭിച്ച അവസരങ്ങൾ ചിലിയുടെ ബെൻ ബ്രെരട്ടനും മുതലാക്കാനായില്ല.
55-ാം മിനിറ്റിൽ കാർലോസ് ഗോൺസാലസിനെ ചിലി താരം ഗാരി മെഡൽ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് കൈനീട്ടി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിഗ്വൽ അൽമിറോൺ 58-ാം മിനിറ്റിൽ പാരഗ്വായുടെ ലീഡുയർത്തി.