റിയോ ഡി ജനീറോ: നാടകീയ നിമിഷങ്ങൾകൊണ്ട് സമ്പന്നമായ മത്സരത്തിൽ പിന്നിൽനിന്നും തിരിച്ചടിച്ച് കൊളംബിയയെ വീഴ്ത്തി ആതിഥേയരായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോളിൽ മുന്നോട്ട്. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ കൊളംബിയയെ വീഴ്ത്തിയത്. കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബിയിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. പകരക്കാരൻ താരം റോബർട്ടോ ഫിർമിനോ (78), കാസിമീറോ (90+10) എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്. കൊളംബിയയുടെ ഏക ഗോൾ ലൂയിസ് ഡയസ് നേടി.
തുടർച്ചയായ മൂന്നാം ജയത്തോടെ ഒൻപതു പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. നാലു മത്സരങ്ങളിൽനിന്ന് രണ്ടാം തോൽവി വഴങ്ങിയ കൊളംബിയ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.