മ്യൂണിക്ക്: താരതമ്യേന ദുർബലരായ ഹംഗറിയോട് സമനില നേടി രക്ഷപ്പെട്ട് കരുത്തരായ ജർമനി യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി പിരിഞ്ഞു. ഗ്രൂപ്പ് എഫിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ജർമനി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. പ്രീ ക്വാർട്ടറിൽ കരുത്തരായ ഇംഗ്ലണ്ടാണ് ജർമനിയുടെ എതിരാളികൾ. ഗ്രൂപ്പിലെ കറുത്ത കുതിരകളായ ഹംഗറി തകർപ്പൻ പ്രകടനമാണ് ജർമനിയ്ക്കെതിരേ പുറത്തെടുത്തത്.
ഹംഗറിയ്ക്കായി ആദം സലായിയും ആൻഡ്രാസ് ഷാഫറും ഗോൾ നേടിയപ്പോൾ മുൻ ലോക ചാമ്പ്യന്മാരായ ജർമനിയ്ക്ക് വേണ്ടി കൈ ഹാർവെർട്സും ലിയോൺ ഗോറെട്സ്കയും സ്കോർ ചെയ്തു. മരണ ഗ്രൂപ്പിൽ രണ്ട് സമനിലകൾ നേടി തലയുയർത്തിത്തന്നെയാണ് ഹംഗറി നാട്ടിലേക്ക് മടങ്ങുന്നത്. ആവേശക്കൊടുമുടി കയറിയ മത്സരത്തിൽ ജർമനിയെ ഞെട്ടിച്ചുകൊണ്ട് 11-ാം മിനിട്ടിൽ ആദം സലായിയാണ് ആദ്യം വലകുലുക്കിയത്. തകർപ്പൻ ഡൈവിലൂടെ തലകൊണ്ട് പന്ത് വലയിലേക്ക് ചെത്തിയിട്ടുകൊണ്ട് താരം ഗോൾ നേടി. ആ ഗോളിന്റെ ബലത്തിൽ ആദ്യ പകുതിയിൽ 1-0 എന്ന സ്കോറിന് ജർമനിയെ വിറപ്പിക്കാൻ ഹംഗറിയ്ക്ക് സാധിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ജർമനി കൂടുതൽ ആക്രമണം അഴിച്ചുവിട്ടു. അതിന്റെ ഭാഗമായി 66-ാം മിനിട്ടിൽ കൈ ഹാവെർട്സ് ടീമിനായി സമനില ഗോൾ കണ്ടെത്തി. എന്നാൽ ജർമനിയുടെ ആശ്വാസത്തിന് വെറും രണ്ട് മിനിട്ട് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 68-ാം മിനിട്ടിൽ ഗോൾ നേടിക്കൊണ്ട് ആൻഡ്രാസ് ഷാഫർ വീണ്ടും ഹംഗറിയ്ക്ക് ലീഡ് സമ്മാനിച്ചു. ഈ ലീഡിൽ പ്രീ ക്വാർട്ടർ പ്രവേശനം വരെ ടീം ഉറപ്പിച്ചിരുന്നു. എന്നാൽ കളിയുടെ അവസാനത്തിൽ 84-ാം മിനിട്ടിൽ പകരക്കാരനായി വന്ന ലിയോൺ ഗോറെട്സോയിലൂടെ ജർമനി സമനില ഗോൾ നേടി. ഈ ഗോൾ പിറന്നില്ലായിരുന്നുവെങ്കിൽ ജർമനി പ്രീ ക്വാർട്ടർ കാണാതെ പുറത്തായേനേ. ഈ ഗോൾ വീണതോടെ നാലാം സ്ഥാനത്തുനിന്നും ജർമനി രണ്ടാം സ്ഥാനത്തെത്തുകയും പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പിക്കുകയും ചെയ്തു.