Friday, September 20, 2024

പടിക്കൽ കലമുടച്ച് ഇന്ത്യ; കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം കീവിസിന്

സതാംപ്ടൺ: പടിക്കൽ കലമുടയ്ക്കുന്നവർ എന്ന പഴി ഇനി ന്യൂസീലൻഡിന് ചേരില്ല. തുടർച്ചയായി രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയിൽ ഏകദിന കിരീടം കൈവിട്ട ചരിത്രമുള്ള കിവീസ് ഇംഗ്ലീഷ് മണ്ണിൽ വച്ചുതന്നെ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി പിഴ തീർത്തു. മഴയുടെ ശക്തവും ഇന്ത്യയുടെ ദുർബലവുമായ പ്രതിരോധങ്ങളെ കെയ്ൻ വില്ല്യംസന്റെ നേതൃത്വത്തിൽ ചെറുത്തുതോൽപിച്ചാണ് ന്യൂസീലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയത്. മഴമൂലം റിസർവ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ എട്ടു വിക്കറ്റിനായിരുന്നു കിവീസിന്റെ കന്നി കിരീടജയം.

രണ്ടാമിന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 53 ഓവറിൽ 139 റൺസ് എന്ന ദുർബലമായ വെല്ലുവിളി 45.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കിവീസ് മറികടന്നത്. ഓപ്പണർമാരായ ടോം ലാഥമും (9) ഡെവോൺ കോൺവെയും (19) മാത്രമാണ് വിക്കറ്റ് കളഞ്ഞത്. അശ്വിനാണ് ഇവരെ രണ്ടുപേരെയും മടക്കിയത്. ക്യാപ്റ്റൻ വില്ല്യംസണും (52) റോസ് ടെയ്ലറും (47) പുറത്താകാതെ നിന്നു. രണ്ടിന്നിങ്സിലുമായി ഒരൊറ്റ ബാറ്റ്സ്മാൻ പോലും അർധശതകം തികയ്ക്കാത്ത മത്സരത്തിൽ രണ്ട് ഇന്നിങ്സിലുമായി ഏഴു വിക്കറ്റ് വീഴ്ത്തിയ കൈൽ ജാമിസനാണ് ഇന്ത്യയുടെ നടുവൊടിച്ചത്.

മഴയിൽ മുങ്ങിയ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ജാമിസണിനു മുന്നിൽ മുട്ടുവിറച്ച് 217 റൺസ് മാത്രമാണ് നേടാനായത്. 32 റൺസ് ലീഡോടെ 249 റൺസായിരുന്നു കിവീസിന്റെ മറുപടി. രണ്ടാമിന്നിങ് ഇന്ത്യ വെറും 170 റൺസിന് കൂടാരം കയറി.

രണ്ടാമിന്നിങ്സിൽ 41 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് ഒഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായില്ല. നാല് വിക്കറ്റെടുത്ത ടിം സൗത്തിയുടേയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടിന്റേയും രണ്ടു വിക്കറ്റെടുത്ത കൈൽ ജാമിസന്റെയും മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ തകർന്നു. നീൽ വാഗ്നർ ഒരു വിക്കറ്റെടുത്തു.

രണ്ട് വിക്കറ്റിന് 64 റൺസ് എന്ന നിലയിൽ റിസർവ് ദിനത്തിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഏഴ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ക്യാപ്റ്റൻ വിരാട് കോലിയെ നഷ്ടമായി. 29 പന്തിൽ 13 റൺസെടുത്ത കോലി വീണ്ടും ജാമിസണ് മുന്നിൽ വീണു. ഒരു റൺ കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ചേതേശ്വർ പൂജാരയും (15) ക്രീസ് വിട്ടു. ജാമിസണ് തന്നെയായിരുന്നു വിക്കറ്റ്. പിന്നീട് അജിങ്ക്യ രഹാനേയും ഋഷഭ് പന്തും പിടിച്ചുനിൽക്കാൻ നോക്കി. എന്നാൽ 15 റൺസെടുത്ത രഹാനയെ പുറത്താക്കി ട്രെന്റ് ബോൾട്ട് കിവീസിന് മേൽക്കൈ നൽകി.

ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയും 33 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 16 റൺസെടുത്ത ജഡേജയെ പുറത്താക്കി വാഗ്നർ ഈ കൂട്ടുകെട്ട് പൊളിച്ചു. ലഞ്ചിന് ശേഷം ഇന്ത്യയുടെ ആദ്യ വിക്കറ്റായിരുന്നു അത്. പിന്നാലെ ഋഷഭ് പന്തിനെ ബോൾട്ട് തിരിച്ചയച്ചു. സ്കോർ ബോർഡിൽ അപ്പോൾ 156/7. ഒരു പന്തിന്റെ ഇടവേളയിൽ അശ്വിനും (7) ക്രീസ് വിട്ടു. സ്കോർ ബോർഡിൽ അപ്പോഴും അതേ സ്കോറായിരുന്നു.

അടുത്തത് ടിം സൗത്തിയുടെ ഊഴമായിരുന്നു. മുഹമ്മദ് ഷമിയേയും ജസ്പ്രീത് ബുംറയേയും സൗത്തി ടോം ലാഥത്തിന്റെ കൈയിലെത്തിച്ചു. ഒരു റണ്ണുമായി ഇഷാന്ത് ശർമ പുറത്താകാതെ നിന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments