ചാവക്കാട്: ഇരട്ടപ്പുഴ ഗവ: എൽ.പി.സ്കൂൾ സർക്കാർഏറ്റെടുക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് എൻ.കെ അക്ബർ എം.എൽ.എ നിവേദനം നൽകി. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ഇരട്ടപ്പുഴ ഗവ. എൽപി സ്‌ക്കൂള്‍ 100 വര്‍ഷത്തോളം പഴക്കമുള്ള സ്‌ക്കൂളാണ്. തീരദേശ മേഖലയായ കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴയിലെ ദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായ ഗവ.എൽപി സ്‌ക്കൂള്‍ സര്‍ക്കാര്‍ വാടക നൽകിയാണ് പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്തീരാജ് നിയമഭേദഗതിക്ക് ശേഷം സ്‌ക്കൂളിന്റെ നടത്തിപ്പ് കടപ്പുറം ഗ്രാമപഞ്ചായത്തിന് സര്‍ക്കാര്‍ നൽകുകയുണ്ടായി. എന്നാൽ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ ഉടമസ്ഥർ സ്‌ക്കൂള്‍ അറ്റകുറ്റപണി നടത്താന്‍ പഞ്ചായത്ത് നിരന്തരം ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സാഹചര്യത്തിൽ സ്‌ക്കൂള്‍ ഏറ്റെടുക്കുന്നതിന് കടപ്പുറം ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. സ്കൂൾ അറ്റകുറ്റപണി പഞ്ചായത്ത് നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് ഉടമസ്ഥർ ബഹു. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നുവെങ്കിലും ഡെപ്യൂട്ടി ഡയറക്‌ടറോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കേസ് ഡിസ്‌പോസ് ചെയ്യുകയാണ് ഉണ്ടായത്. 100 വര്‍ഷത്തോളം പഴക്കമുള്ള സര്‍ക്കാര്‍ വിദ്യാലയം നിലവിലെ സ്ഥലം ഉടമസ്ഥന്‍ അറ്റകുറ്റപണി നടത്തുന്നതിനും സംരക്ഷിക്കുന്നതിനും തയ്യാറാകാത്ത സാഹചര്യത്തിൽ സ്‌ക്കൂള്‍ ഏറ്റെടുക്കാനുള്ള കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് എത്രയും വേഗം ഏറ്റെടുക്കുന്നതിനും ആയതിനുള്ള നടപടി ക്രമങ്ങളിലെ കാലതാമസം കണക്കാക്കി അടിയന്തിരമായി വിദ്യാലയം അറ്റകുറ്റപണി നടത്തുന്നതിനും കടപ്പുറം ഗ്രാമ പഞ്ചായത്തിന് ഉത്തരവ് നൽകണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം.എൽ.എ പറഞ്ഞു.