ന്യൂഡൽഹി: ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പില്‍വന്ന പുതിയ ഐ.ടി നിയമം പാലിക്കാന്‍ ശ്രമിക്കുമെന്ന് ഗൂഗിളും യൂട്യൂബും. നിയമപ്രകാരം പ്രവര്‍ത്തിക്കുകയെന്ന വിഷയത്തില്‍ അതത് സര്‍ക്കാറുകള്‍ക്കൊപ്പം നിലയുറപ്പിക്കുന്ന നീണ്ട ചരിത്രമാണ് കമ്പനിയുടെതെന്നും ഇനിയും അത് തുടരുമെന്നും യൂട്യൂബ് കൂടി ഭാഗമായ ഗൂഗ്ള്‍ വ്യക്തമാക്കി.ഇന്ത്യയുടെ നിയമനിര്‍മാണ പ്രക്രിയയെ ആദരിക്കുന്നു. സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഉള്ളടക്കം ഒഴിവാക്കുന്നതാണ് നീണ്ട കാലമായി പാരമ്പര്യം. നിയമവിരുദ്ധ ഉള്ളടക്കം കയറിവരാതിരിക്കാന്‍ വിഭവങ്ങളായും ഉല്‍പന്നങ്ങളിലെ മാറ്റങ്ങളായും ഉദ്യോഗസ്ഥരായും വലിയ നിക്ഷേപം തന്നെ നടത്തിയിട്ടുണ്ട്. ഇനിയും നിലവിലുള്ള സംവിധാനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി. ഗൂഗിള്‍ അനുകൂലമായി പ്രതികരിച്ചെങ്കിലും സമൂഹ മാധ്യമ ഭീമന്മാരായ ഫേസ്ബുക്കും ട്വിറ്ററും ഉള്‍പെടെ വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.നടപടി സ്വീകരിക്കാത്ത പക്ഷം ഇവര്‍ക്കെതിരെ ശിക്ഷാനിയമ പ്രകാരം കടുത്ത പ്രതികരണമുണ്ടാകുമെന്ന് നേരത്തെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന ഉള്ളടക്കങ്ങള്‍ 36 മണിക്കുറിനകം കളയണമെന്നും നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ ഇന്ത്യയില്‍ വെക്കണമെന്നുമാണ് നിയമത്തിലെ പ്രധാന നിര്‍ദേശങ്ങള്‍