Friday, November 22, 2024

ഇന്ത്യൻ ഐ.ടി നയങ്ങളോട് യോജിച്ചു പോകാൻ ഉദ്ദേശിക്കുന്നതായി ഫേസ്ബുക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങൾ പാലിക്കുന്നതിന് ഫെയ്സ്ബുക്, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ നിർണായക പ്രതികരണവുമായി ഫെയ്സ്ബുക്. കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമങ്ങളുമായി യോജിച്ചു പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫെയ്സ്ബുക് പ്രസ്താവനയിൽ അറിയിച്ചു.

എന്നാൽ സർക്കാരിന്റെ കൂടുതൽ ഇടപെടൽ വേണ്ട ചില വിഷയങ്ങളിൽ ആഴത്തിൽ ചർച്ച ആവശ്യമാണെന്നും ഫെയ്സ്ബുക് പ്രസ്താവനയിൽ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ‘ഐടി നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും ശ്രമിക്കും. ജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ സുരക്ഷിതമായും സ്വതന്ത്രമായും പ്രകടിപ്പിക്കാനുള്ള ഇടമായിത്തന്നെ നിലകൊള്ളുന്നതിൽ ഫെയ്സബുക് പ്രതി‍ജ്ഞാബദ്ധരാണ്’– ഫെയ്സ്ബുക് വ്യക്തമാക്കി.

ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന് ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്ക് നിര്‍ദേശം നല്‍കിയത്. സമയപരിധി മേയ് 25-നാണ് അവസാനിക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം സമൂഹമാധ്യമങ്ങളുടെ സംരക്ഷണവും പദവിയും നഷ്ടമാകുമെന്നാണു വിലയിരുത്തലുകള്‍.

നിയമങ്ങള്‍ പാലിക്കാത്തതിനാൽ ക്രിമിനൽ നിയമ നടപടികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യയില്‍നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും. സമൂഹ മാധ്യമങ്ങൾക്കു പുറമെ, ഒ‌ടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments