ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ജാതി വിവേചനം. ക്ഷേത്രത്തിനകത്ത് ചെണ്ടവാദ്യം നടത്തി ഗുരുവായൂരപ്പന് ഉപാസന നടത്താൻ അനുവദിക്കുന്നില്ലെന്ന് പരാതിയുമായി യുവകലാകാരൻ രംഗത്ത്. വാദ്യകലാകാരൻ തിരുവെങ്കിടം സ്വദേശി പി.സി വിഷ്ണുവാണ് ദേവസ്വം മന്ത്രി, ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ എന്നിവർക്ക് പരാതി നല്‍കിയത്. താൻ വേട്ടുവ സമുദായത്തിൽപെട്ട ആളായതിനാലാണ് ദേവസ്വം അധികൃതർ ഇതിന് സമ്മതിക്കാത്തതെന്നും വിഷ്ണു പറയുന്നു.
ക്ഷേത്രത്തിൽ ദളിത് വിഭാഗക്കാര്‍ക്ക് ഒരു വാദ്യകലകളില്‍ പോലും പങ്കെടുക്കാനോ, അവതരിപ്പിക്കാനോ അനുമതിയില്ല. വിശേഷാവസരങ്ങളില്‍ മേളത്തിനും, പഞ്ചവാദ്യത്തിനും, തായമ്പകയ്ക്കും, തിരഞ്ഞെടുക്കുന്നത് മേല്‍ജാതിയില്‍പെട്ട വാദ്യകലാകാരന്മാരെയാണ്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് ദേവസ്വത്തിന് കത്ത് നല്‍കിയിട്ടും ഇതുവരെയും മറുപടി നല്‍കിയില്ലെന്നും വിഷ്ണു പറഞ്ഞു
വിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്…..👇
https://m.facebook.com/story.php?story_fbid=1781499728696454&id=100005093319544
ഗുരുകുല രീതിയില്‍ 10 വയസ് മുതല്‍ ചെണ്ട അഭ്യസിക്കുകയും നിരവധി വേദികളിലും, സ്‌കൂള്‍ തലത്തിലും, കാലിക്കറ്റ് സര്‍വ്വകലാശാല കലോത്സവത്തിലടക്കം വിജയിയുമാണ് വിഷ്ണു. താൻ ഗുരുവായൂരപ്പ ഭക്തനും ഗുരുവായൂര്‍ സ്വദേശിയുയിരുന്നിട്ടും ക്ഷേത്രത്തിനകത്ത് ചെണ്ടമേളം, തായമ്പക എന്നിവ അവതരിപ്പിക്കാനോ അത്തരം ജോലികളിലേക്കോ പരിഗണിക്കുന്നില്ലെന്നും വിഷ്ണു പറഞ്ഞു. ദേവസ്വം ഓഫീസില്‍ നേരിട്ടെത്തിയാണ് വിഷ്ണു പരാതി നൽകിയത്.