കായംകുളം: തിരഞ്ഞെടുപ്പിനെത്തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനു വെട്ടേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഫ്സൽ സുജായിക്കാണ് (26) വെട്ടേറ്റത്. ഇയാളെയും സംഘർഷത്തിൽ പരുക്കേറ്റ കെഎസ്‍യു നിയോജക മണ്ഡലം മുൻ പ്രസിഡന്റ് നൗഷാദ് ചെമ്പകപ്പള്ളിയെയും(30) കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരഞ്ഞെടുപ്പിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയാണ് അക്രമമുണ്ടായത്. എരുവ മാവിലേത്ത് സ്കൂളിനു മുന്നിൽ നടന്ന ഡിവൈഎഫ്ഐ – യൂത്ത് കോൺഗ്രസ് സംഘർഷത്തിലാണ് ഇരുവർക്കും പരുക്കേറ്റത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ അസഹിഷ്ണുതയാണ് അക്രമത്തിന് കാരണമെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. സാരമായി പരുക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഫ്സലിനു തലയ്ക്കാണു പരുക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ജെ.ഷാജഹാൻ, സ്ഥാനാർഥി അരിത ബാബു, ഡിസിസി വൈസ് പ്രസിഡന്റ് വേലഞ്ചിറ സുകുമാരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.നൗഫൽ, ജില്ല സെക്രട്ടറി അസീം നാസർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.