മലപ്പുറം: 2001-ൽ സി.കെ. പദ്മനാഭൻ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളെ കണ്ടതായി ഓർമയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. സി.പി.എം-ബി.ജെ.പി ധാരണ പുറത്തായതിലെ അസൗകര്യം മറയ്ക്കാനാണ് രണ്ടാം കോ-ലീ-ബി ആരോപണമെന്നും അദ്ദേഹം മലപ്പുറത്ത് സ്വകാര്യ മലയാളം ചാനലിനോട് പറഞ്ഞു.
“ഇടതുപക്ഷവും ബി.ജെ.പിയും ചെറിയ ധാരണയിലാണ്. അത് ഇപ്പോൾ പുറത്തായി. ഇപ്പോൾ ഞാൻ വിചാരിച്ചാലും ഓർക്കാൻ കഴിയാത്ത, ഉണ്ടോ ഇല്ലയോ എന്ന് ഒരു മനുഷ്യനും ഓർക്കാൻ കഴിയാത്ത കാര്യമാണിത്. മാണി സാർ ജീവിച്ചിരിക്കുന്നുപോലുമില്ല. പഴങ്കഥകളൊക്കെ പറഞ്ഞ് വിഷയം മാറ്റാൻ നോക്കുകയാണ്.” കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോ-ലീ-ബി സഖ്യത്തെ ഒരിക്കലും വെച്ചുപൊറുപ്പിക്കാൻ കഴിയാത്ത എ.കെ. ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. കോൺഗ്രസാണ് ബി.ജെ.പിയുടേയും സി.പിഎമ്മിന്റേയും മുഖ്യശത്രു. അതേ കോൺഗ്രസ് യോജിപ്പിന് ശ്രമിച്ചു എന്ന് പറയുന്നതിൽ യുക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.