കോട്ടയം: എൽ.ഡി.എഫ് പിറവം മണ്ഡലം സ്ഥാനാർഥിയെ സി.പി.എം പുറത്താക്കി. പിറവത്തെ സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെയാണു ‘പാർട്ടി വിരുദ്ധ’ പ്രവർത്തനങ്ങളുടെ പേരിൽ സി.പി.എം പുറത്താക്കിയത്. കേരള കോൺഗ്രസ് (എം) സ്ഥാനാർഥിയായാണ് സിന്ധുമോൾ ജേക്കബ് പിറവത്ത് മത്സരിക്കുന്നത്. സി.പി.എം ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് സിന്ധുമോൾ ഇപ്പോൾ. ഇന്നലെ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി പട്ടിക പുറത്തിറങ്ങിയപ്പോൾ അതിൽ സിന്ധുമോളും ഇടം പിടിച്ചിരുന്നു. ഇന്ന് രാവിലെയാണു സിന്ധുമോളെ പുറത്താക്കിയെന്ന് സിപിഎം ഉഴവൂർ ലോക്കൽ കമ്മിറ്റി പ്രസ്താവന ഇറക്കിയത്.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിനു ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോൾ ജേക്കബിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി എന്ന പ്രസ്താവനയാണ് സി.പി.എം ലോക്കൽ കമ്മിറ്റി ഇറക്കിയത്. ഇതു വ്യക്തമാക്കിയുള്ള പോസ്റ്ററുകളും പാർട്ടി ഉഴവൂരിൽ പതിച്ചിട്ടുണ്ട്.
ഇന്നു രാവിലെ ചേർന്ന അടിയന്തര ലോക്കൽ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. എന്നാൽ കേരള കോൺഗ്രസു(എം)മായി പ്രശ്നങ്ങൾ ഇല്ലെന്നും ലോക്കൽ കമ്മിറ്റി അറിയിച്ചു. ഉഴവൂർ ഉൾപ്പെടുന്ന കടുത്തുരുത്തി മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ വിജയ സാധ്യതയെ ബാധിക്കുന്ന നടപടികൾ ഉണ്ടാകില്ലെന്ന് ലോക്കൽ സെക്രട്ടറി ഷെറി മാത്യു പറഞ്ഞു.