മലപ്പുറം: ബാധ്യതകൾ തീർക്കുന്നിന്റെ ഭാഗമായാണ് പശ്ചിമാഫ്രിക്കയിൽ എത്തിയതെന്ന് പി.വി. അൻവർ എം.എൽ.എ. ഫെയ്സ്ബുക്ക് വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ എന്താണ് പശ്ചിമാഫ്രിക്കയിൽ ചെയ്യുന്നതെന്ന് തുടർന്നും വീഡിയോകളിലൂടെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പശ്ചിമാഫ്രിക്കയിൽ വന്ന് അധ്വാനിക്കേണ്ട സ്ഥിതിവിശേഷത്തിലാണ് താനുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു. തനിക്കെതിരെ നടക്കുന്ന പ്രാചരണങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു.
വീഡിയോ കാണാം….👇
പശ്ചിമാഫ്രിക്കയിൽ എങ്ങനെ എത്തി, എന്താണ് ഇവിടെ ചെയ്യുന്നത്, എന്തൊക്കെയാണ് നടക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വിശദമായി അറിയിക്കുമെന്ന് അൻവർ വീഡിയോയിൽ പറയുന്നുണ്ട്.
രാഷ്ട്രീയത്തിൽനിന്ന് ഒന്നും തിരിച്ചു പ്രതീക്ഷിച്ചിട്ടില്ല. കഴിഞ്ഞ നാലേമുക്കാൽ വർഷത്തിനിടെ ഒരു ബ്രിട്ടാനിയ ബിസ്കറ്റു വാങ്ങാനുള്ള പണം പോലും സർക്കാർ എം.എൽ.എമാർക്കു നൽകുന്ന ശമ്പളത്തിൽനിന്ന് താൻ എടുത്തിട്ടില്ല. എം.എൽ.എമാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള മൂന്നുലക്ഷം രൂപയുടെ ഡീസലും 75,000 രൂപയുടെ ട്രെയിൻ അലവൻസും അല്ലാതെ ഒരു പൈസയും സർക്കാരിൽന്ന് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വത്തുണ്ടായിട്ടും ബാധ്യത തീർക്കാൻ പറ്റാത്ത നിർഭാഗ്യവാനാണ് താൻ. ബാധ്യതയെക്കാൾ ഇരട്ടി സ്വത്തുണ്ട്. എന്നാൽ തന്റെ ഭൂമിയിൽനിന്ന് ഒരിഞ്ച് ഭൂമി വാങ്ങാൻ ആരും ധൈര്യപ്പെടുന്നില്ല. അൻവറിന്റെ ഭൂമിയോ അപാർട്മെന്റോ വീടോ വാങ്ങിയാൽ അതൊന്നും നിയമപരമല്ല, അതിനുമേൽ നാളെ കേസ് വരും കുടുങ്ങുമെന്നും വാർത്തകൾ പ്രചരിപ്പിച്ചു. ബാധ്യത തീർക്കാനുള്ള ഭൂമിയും സമ്പത്തും കയ്യിലുണ്ടായിട്ടും അത് വിറ്റ് ബാധ്യത തീർക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ ഇനിയെന്ത് ചെയ്യണം എന്ന ആലോചനയിലാണ് നിയമസഭാ സാമാജികന്റെ അവസാനത്തെ മൂന്നുമാസം മണ്ഡലത്തിൽനിന്ന് പുറത്തേക്ക് വരേണ്ടിവന്നതെന്നും അൻവർ പറഞ്ഞു.