Friday, September 20, 2024

പിണറായി ശരിയെന്ന് തെളിഞ്ഞു, അദ്ദേഹത്തോട് ക്ഷമപറയണം- ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

കണ്ണൂർ: പിണറായി വിജയനെ കണ്ട് ക്ഷമ പറയണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബർലിൻ കുഞ്ഞനന്തൻ നായർ. തനിക്ക് തെറ്റുപറ്റി. വിഭാഗീയതയുടെ കാലത്ത് വി.എസ്. അച്യുതാനന്ദനൊപ്പം നിന്നതാണ് പിണറായിയുമായി അകലാൻ കാരണം. പിണറായിയാണ് ശരിയെന്ന് ഇന്ന് തെളിഞ്ഞെന്നും അദ്ദേഹം സ്വകാര്യ മലയാളം വാർത്താ ചാനലിനോട് പറഞ്ഞു.

തന്റെ പുസ്തകത്തിലെ പിണറായിക്കെതിരായ വിമർശനങ്ങൾ താൻ പിൻവലിച്ചിരുന്നു. പാർട്ടിയിൽ നിന്നുകൊണ്ട് യാത്രയാവണം എന്നാണ് ആഗ്രഹം. കുറ്റബോധം ഉണ്ട്. പാർട്ടി മെമ്പർഷിപ്പ് പുതുക്കി തന്നിരുന്നു. അതിലുള്ള നന്ദി അറിയിക്കണം. തനിക്ക് തെറ്റു പറ്റിയ കാര്യം പിണറായിയെ അറിയിക്കണം, ബർലിൻ കുഞ്ഞനന്ദൻ നായർ പറഞ്ഞു.

”എനിക്ക് വയസ്സ് 96 കഴിഞ്ഞു. ഇപ്പോൾ രണ്ടുകണ്ണിനും കാഴ്ചയില്ല. എങ്കിലും ഒരാഗ്രഹം ബാക്കിയുണ്ട്. പിണറായിയെ കാണണം. കാഴ്ചയില്ലെങ്കിലും ശബ്ദം കേൾക്കാമല്ലോ. എല്ലാം കഴിഞ്ഞു. പാർട്ടിയിൽ ഐക്യവും ശക്തിയും വന്നില്ലേ”, അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ്. സർക്കാരിന്റെ ബജറ്റിനെക്കുറിച്ച് ചോദിക്കവെയാണ് ബർലിൻ ഇക്കാര്യം സൂചിപ്പിച്ചത്. ”സൂപ്പർ ബജറ്റാണ്. പിണറായി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നതിന് യാതൊരു സംശയവുമില്ല.”- അദ്ദേഹം വ്യക്തമാക്കി.

അസുഖബാധിതനായി കുറെക്കാലമായി നാറാത്തെ വീട്ടിലാണ് ബർലിൻ. മുൻപ് പിണറായി വിജയന്റെ രാഷ്ട്രീയ സമീപനത്തെ മാത്രമല്ല വ്യക്തിപരമായും അദ്ദേഹത്തെ ബർലിൻ വിമർശിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments