ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ബില്ലടക്കാത്തതിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ വീടുകളിലെ കണക്ഷൻ വിച്ഛേദിച്ചതിനെതിരെ പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ് രംഗത്ത്. കോവിഡ് മഹാമാരികാലത്ത് ഗഡുക്കളാക്കി വൈദ്യുതി ബില്ലകടക്കാനുള്ള സൗകര്യം കെ.എസ്.ഇ.ബി നൽകിയിരുന്നെങ്കിലും 200 മുതൽ 300 രൂപ വരെ ബാക്കി നിൽക്കുന്നതിന്റെ പേരിൽ പോലും വീടുകളിലെത്തി വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയാണെന്ന് കടപ്പുറം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ഭാരവാഹി യോഗം പ്രതിഷേധിച്ചു. അഞ്ച് മണിക്ക് ശേഷം ഓൺലൈനാ പണം അടച്ചവർക്ക് അഞ്ച് മണി കഴിഞ്ഞതിന്റെ പേരിൽ റീകണക്ട് ചെയ്ത് കൊടുക്കുവാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കെ.എസ്.ഇ.ബി യുടെ നടപടിയിൽ പ്രതിഷേധാർഹമാണെന്നും മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിക്കുന്ന കെ.എസ്.ഇ.ബി യുടെ നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.പി മൻസൂർ അലി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എ അഷ്‌കർഅലി, ട്രഷറർ പി.കെ അലി, ഭാരവാഹികളായ അൻവർ അസീസ്, ആരിഫ് വട്ടേക്കാട്, ഷെബീർ പുതിയങ്ങാടി, റിയാസ് പൊന്നക്കാരൻ കെ.വി നാസർ എന്നിവർ സംസാരിച്ചു

