പുന്നയൂർക്കുളം: ക്ലീൻ പുന്നയൂർക്കുളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ‘ഹരിതം അങ്കണവാടികൾ. പഞ്ചായത്ത് പരിധിയിൽ ഹരിത ചട്ടപാലന നടപടികൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 32 അങ്കണവാടികളിലേക്ക് 100 വീതം 3200 സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ ഉദ്ഘാടനം നിർവഹിച്ചു.
അങ്കണവാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിനൊപ്പം
നാട്ടിൽ നടക്കുന്ന വിവാഹങ്ങൾ, മറ്റ് ചടങ്ങുകള് എന്നിവിടങ്ങളിലേക്ക് ആവശ്യമായ സ്റ്റീൽ പാത്രങ്ങൾ അങ്കണവാടി വെൽഫെയർ കമ്മിറ്റി വഴി വാടകയ്ക്ക് ലഭ്യമാക്കും. ഇതു വഴി ലഭിക്കുന്ന തുക അങ്കണവാടികളുടെ ദൈനംദിന ചിലവുകൾക്ക് ഉപയോഗിക്കും. പ്ലാസ്റ്റിക്ക്, തെർമോക്കോൾ നിർമിതമായ എല്ലാത്തരം ഡിസ്പോസിബിൾ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കാനും മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറയ്ക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വൈസ് പ്രസിഡന്റ് ഇ.കെ. നിസാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഹാജറ കമറുദ്ധീൻ, ഗോകുൽ അശോക്, ബിന്ദു, ശോഭ പ്രേമൻ, പ്രേമ സിദ്ധാർത്ഥൻ, ആലത്തയിൽ മൂസ എന്നിവർ പങ്കെടുത്തു.