Friday, September 20, 2024

കാത്തിരിപ്പിനൊടുവിൽ ഏഴാം പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് ആദ്യ വിജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. നീണ്ട കാത്തിരിപ്പിനൊടുവിൽ ഏഴാം പോരാട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കുന്നത്. ഹൈദരാബാദിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് മറികടന്നു. മലയാളി താരം അബ്ദുൽ ഹക്കു (29), ജോർദാൻ മറെ (88) എന്നിവരാണു ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. മികച്ച കളി പുറത്തെടുത്തിട്ടും ഗോൾ നേടാൻ സാധിക്കാതെ പോയത് ഹൈദരാബാദിന് തിരിച്ചടിയായി.

29–ാം മിനിറ്റിൽ മലയാളി താരം അബ്ദുൽ ഹക്കുവിന്റെ ഹെഡർ ഗോളില്‍ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഫകുണ്ടോ പെരേര കോർണറിൽനിന്ന് ഉയര്‍ത്തി നൽകിയ പന്തിൽ തല വച്ചാണ് ഹക്കു സീസണിലെ ആദ്യ ഗോൾ നേടിയത്. ഐഎസ്എൽ സീസണിൽ ഹക്കു ആദ്യ ഇലവനിൽ കളിക്കാനിറങ്ങിയ മത്സരം കൂടിയാണിത്. രണ്ടാം പകുതിയിൽ ഹൈദരാബാദ് ഗോള്‍ നേടാൻ ബ്ലാസ്റ്റേഴ്സ് ബോക്സിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധനിര എല്ലാ നീക്കങ്ങളും തടഞ്ഞിട്ടു.

88–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്തി. തുടർച്ചയായുള്ള ഹൈദരാബാദിന്റെ രണ്ട് നീക്കങ്ങൾക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയത്. രോഹിത് കുമാർ നൽകിയ പന്ത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റതാരം രാഹുലിന് പിടിച്ചെടുക്കാൻ സാധിച്ചില്ല. എന്നാൽ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോർദാൻ മറെയ്ക്ക് പന്തുകിട്ടി. പിഴവുകളില്ലാതെ മറെ ബോൾ വലയിലെത്തിച്ചു. മറെയുടെ സീസണിലെ രണ്ടാം ഗോളാണിത്. രണ്ടാം ഗോളും വഴങ്ങിയതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം.

മൂന്ന് വിദേശ താരങ്ങളെ മാത്രം ഇറക്കിയാണ് ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ നേരിട്ടത്. ഫക്കുണ്ടോ, ജോർദാൻ മറെ, വിസെന്റെ ഗോമസ് എന്നിവർ കളിക്കാനിറങ്ങി. പ്രതിരോധത്തിലെ കോനെ– കോസ്റ്റ കൂട്ടുകെട്ട് ഹൈദരാബാദിനെതിരെ കളിച്ചില്ല. ഇരുവർക്കും നേരിയ തോതിൽ പരുക്കുണ്ടെന്നാണു വിവരം. പൂർണമായും ഇന്ത്യൻ‍ താരങ്ങൾ അണിനിരന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിഴവുകളില്ലാതെയാണു കളിച്ചത്. മധ്യനിരയിൽ സഹൽ അബ്ദുല്‍ സമദും പഴയ ഫോമിലേക്കു തിരിച്ചെത്തി. ജയത്തോടെ ബ്ലാസ്റ്റേഴ്സിന് ആറു പോയിന്റായി. പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് കേരളം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments