Friday, September 20, 2024

സിസ്റ്റർ അഭയ കൊലക്കേസ്: ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സെഫിക്ക് ജീവപര്യന്തം; അഭയയ്ക്ക് വൈകിക്കിട്ടിയ നീതി

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. ശിക്ഷാവിധി കേൾക്കാൻ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും സി.ബി.ഐ. കോടതിയിൽ എത്തിയിരുന്നു.

ശിക്ഷ വിധിക്കുന്നതിന് മുമ്പ് രാവിലെ 11.10-ഓടെ കോടതിയിൽ വാദം തുടങ്ങി. പ്രതികൾ കൊലക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷയോയ ജീവപര്യന്തമോ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഫാ. തോമസ് കോട്ടൂർ കോൺവെന്റിൽ അതിക്രമിച്ചുകയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. മൂന്നാം പ്രതിയായ സെഫി ഇരയ്ക്കൊപ്പം താമസിച്ചിരുന്നയാളാണെന്നും അവരാണ് കൃത്യത്തിൽ പങ്കാളിയായതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അതിനിടെ, ഇതൊരു ആസൂത്രിതമായ കൊലപാതകമാണോ എന്ന് കോടതി ചോദിച്ചു. അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പ്രോസിക്യൂഷന്റെ വാദത്തിനിടെ പ്രതികൾ മരണശിക്ഷ അർഹിക്കുന്നില്ലെന്നും കോടതി പരാമർശം നടത്തി.

കാൻസർ രോഗിയായതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു ഫാ. തോമസ് കോട്ടൂരിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. താൻ നിരപരാധിയാണെന്ന് കോട്ടൂർ ആവർത്തിച്ചു. പ്രായവും രോഗവും കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. ഫാ. കോട്ടൂരിനെ കോടതി അടുത്തേക്ക് വിളിപ്പിച്ച് വിവരങ്ങൾ ആരായുകയും ചെയ്തു. ശിക്ഷയിൽ ഇളവ് നൽകണമെന്ന് സിസ്റ്റർ സെഫിയും കോടതിയിൽ പറഞ്ഞു. 11.35-ഓടെ ശിക്ഷാവിധിയിലുള്ള വാദം പൂർത്തിയായി. തുടർന്നാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കെ. സനിൽകുമാർ പ്രതികളുടെ ശിക്ഷ വിധിച്ചത്.

കഴിഞ്ഞദിവസമാണ് അഭയ കൊലക്കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി വിധിച്ചത്. രണ്ടു പ്രതികൾക്കുമെതിരായ കൊലക്കുറ്റവും തെളിവ് നശിപ്പിക്കൽ കുറ്റവും കോടതി ശരിവെച്ചു. പ്രതികൾ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റർ അഭയ നേരിട്ട് കണ്ടതിനെത്തുടർന്ന് ഇരുവരും ചേർന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ. കോൺവെന്റിൽ അതിക്രമിച്ചു കടന്നുവെന്ന കുറ്റംകൂടി കോട്ടൂരിനുണ്ട്. 28 വർഷം നീണ്ട നടപടികൾക്കൊടുവിലാണ് പ്രതികൾ കുറ്റക്കാരെന്ന് പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽ കുമാർ കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments