അണ്ടത്തോട്: എൽ.ഡി.എഫ് കൺവെൻഷനിൽ സി.പി.ഐ സ്ഥാനാർഥിയെ പങ്കെടുപ്പിക്കാതെ സി.പി.എം പ്രവർത്തകർ തിരിച്ചയച്ചു.
ചാവക്കാട് ബ്ലോക്ക് പഞ്ചയാത്ത് അണ്ടത്തോട് ഡിവിഷൻ സ്ഥാനാർഥി നജീർ മാളിയേക്കലിനെയാണ് സി.പി.എം പ്രവർത്തകർ തടഞ്ഞത്. തിങ്കളാഴ്ച്ച വൈകിട്ട് ആറോടെ
പുന്നയൂർക്കുളം പഞ്ചായത്ത് 15-ാം വാർഡിൽ നടന്ന കൺവെൻഷനിൽ പങ്കെടുക്കാൻ മന്ദലാംകുന്ന് കിണർ പരിസരത്തെ സ്വകാര്യ വ്യക്തിയുടെ വസതിയിലെത്തിയപ്പോഴാണ് സംഭവം. എതിർപ്പ് ശക്തമായതിനെ തുടർന്ന് കൺവെൻഷനിൽ പങ്കെടുക്കാതെ സ്ഥാനാർഥിയും സി.പി.ഐ പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദും തിരിച്ച് പോവുകയായിരുന്നു.
എൽ.ഡി.എഫ് നിശ്ചയിച്ച തിയതി അനുസരിച്ചാണ് പരിപാടിയിൽ പങ്കെടുക്കാൻ പോയതെന്നും സി.പി.എം പ്രവർത്തകർ എതിർപ്പുമായി വന്നപ്പോൾ പങ്കെടുക്കാതെ തിരിച്ച്പോവുകയാണ് ഉണ്ടായെതെന്നും സ്ഥാനാർഥിയായ നജീർ മാളിയേക്കലിൻ്റെ വിശദീകരണം. ഇവിടെ ബ്ലോക്ക് പഞ്ചായത്തിൽ സി.പി.എം പ്രവർത്തകൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. സി.പി.ഐക്ക് സീറ്റ് നൽകിയതിൽ നേരത്തെ പ്രതിഷേധമുണ്ടെന്നും സി.പി.ഐ നേതാക്കളും വ്യക്തമാക്കി.