തൃശൂര്‍: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പ്രകോപനത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിയും പെട്രോള്‍ ഒഴിച്ച് തീവച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി.
തൃശൂര്‍ ചിയ്യാരം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി നീതു കൊല്ലപ്പെട്ട കേസിലാണ് പ്രതി നിധീഷിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ 23ന് വിധിക്കും.
2019 ഏപ്രില്‍ നാലിനു പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. തൃശൂര്‍ ചിയ്യാരത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ വീടിന്‍റെ ശുചിമുറിയിലിട്ടാണ് കൊലപ്പെടുത്തിയത്. സുഹൃത്തായ വടക്കേക്കാട് സ്വദേശി നിധീഷായിരുന്നു കൊലപാതകി.
വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യമായിരുന്നു കൊലയ്ക്കു കാരണം. ഇരുപത്തിയേഴുകാരനായ പ്രതി നിധീഷ് കളമശേരിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. കത്തിയും പെട്രോളും വാങ്ങി നേരെ, ചിയ്യാരത്ത് നീതുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.
അമ്മ നേരത്തെ മരിച്ചതിനാല്‍ നീതു താമസിച്ചിരുന്നതാകട്ടെ അമ്മാവന്റെ വീട്ടിലായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മുത്തശിയും അമ്മാവനും പ്രതിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി. നീതുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലാന്‍ ഉപയോഗിച്ച കത്തി വീടിന്റെ ശുചിമുറിയില്‍ നിന്ന് തന്നെ പൊലീസ് കണ്ടെടുത്തു. പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും കണ്ടെടുത്തിരുന്നു. കൊല നടത്തിയതിന് ദൃക്സാക്ഷികള്‍ ഇല്ല.
പക്ഷേ, കൊലയ്ക്കു ശേഷം പ്രതി ഇറങ്ങി വരുന്നത് നീതുവിന്റെ ബന്ധുക്കള്‍ കണ്ടിരുന്നു. ഇവരുടെ മൊഴിയാണ് നിര്‍ണായകമായത്