Saturday, November 23, 2024

റോഡുപണിക്കിടെ മലമ്പാമ്പ്‌ ചത്തു : മണ്ണുമാന്തിയന്ത്രവും ഡ്രൈവറും കസ്റ്റഡിയിൽ

തൃശൂർ: ദേശീയപാത സർവീസ് റോഡ് നിർമാണത്തിനിടയിൽ മലമ്പാമ്പിനെ ഉപദ്രവിച്ചെന്ന് ആരോപിച്ച് മണ്ണുമാന്തിയന്ത്രവും മറുനാടൻ ഡ്രൈവറെയും വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാൾ സ്വദേശി കാജി നസ്രുൽ ഇസ്ലാ (21) മിനെയാണ് കസ്റ്റഡിയിലെടുത്തത്.

ദേശീയപാതയിൽ വഴുക്കുമ്പാറ മുതൽ കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗം വരെയുള്ള ഭാഗത്തെ സർവീസ് റോഡ് നിർമിക്കുന്നതിനിടയിലാണ് സംഭവം. മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഏകമാർഗം സർവീസ് റോഡുകൾ പൂർത്തീകരിക്കുക എന്നതാണ്. ഇതിനുവേണ്ടിയുള്ള നിർമാണം ആരംഭിച്ചത്. കൂട്ടിയിട്ട കല്ലുകൾ നീക്കംചെയ്യുന്നതിനിടയിലാണ് കല്ലിനിടയിൽനിന്ന് മലമ്പാമ്പ് പുറത്തേക്കുവന്നത്. കല്ല് നീക്കിയപ്പോൾ മലമ്പാമ്പിന് മുറിവേറ്റിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ വന്യജീവിസംരക്ഷണനിയമപ്രകാരമാണ് ഡ്രൈവറെയും മണ്ണുമാന്തിയന്ത്രത്തെയും കസ്റ്റഡിയിലെടുത്തത്. പരിക്കേറ്റ മലമ്പാമ്പ് പിന്നീട് ചത്തു.

ഇതോടെ സർവീസ് റോഡ് നിർമാണവും മുടങ്ങി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കെതിരേ എടുക്കുന്ന നാലാമത്തെ കേസാണിത്. ഇതോടുകൂടി തൊഴിലാളികൾ ജോലിചെയ്യാൻ വിസമ്മതിക്കുകയാണെന്നും സർവീസ് റോഡ് നിർമാണം താത്കാലികമായി നിർത്തിവെയ്ക്കുകയാണെന്നും നിർമാണക്കമ്പനി അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments