Friday, November 22, 2024

ശ്മശാനഭൂമി നഷ്ട പരിഹാരത്തുക തട്ടിപ്പ്: പണം പലിശ സഹിതം തിരിച്ചടയ്ക്കാന്‍ കോടതി ഉത്തരവ്.

1424333 രൂപ പലിശ സഹിതം ഏകദേശം 25 ലക്ഷം രൂപ മരിച്ച ഉടമയുടെ അവകാശികളില്‍ നിന്നും പിടിച്ചെടുക്കണമെന്ന് കോടതി വിധി.

തൃശൂർ: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ശ്മശാന നിര്‍മ്മാണത്തിനുവേണ്ടി .ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരത്തുക കൈപ്പറ്റിയ ശേഷം ആയത് മറച്ചുവെച്ച് നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് വിധിനടത്തുഹര്‍ജി ഫയല്‍ ചെയ്ത് വീണ്ടു നഷ്ടപരിഹാരത്തുക നേടിയ വ്യക്തിയുടെ അനന്തരാവകാശികളില്‍ നിന്നും തുക പലിശസഹിതം തിരിച്ചുപിടിക്കാന്‍ തൃശ്ശൂര്‍ രണ്ടാം അഡീഷണല്‍ സബ് ജഡ്ജി പി.എസ്. ജോസഫ് ഉത്തരവായി.
1991ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരുമനയൂരില്‍ പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനായി ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ലാന്റ് അക്വിസിഷന്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കി ഒരുമനയൂര്‍ വില്ലേജ് കറപ്പംവീട്ടില്‍ തെക്കേതില്‍ മുഹമ്മദുണ്ണിയില്‍ നിന്നും ജില്ലാ കളക്ടര്‍ 0.0214 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ആയതിന് ലാന്റ് അക്വിസിഷന്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തുക നല്‍കിയിരുന്നു. നഷ്ടപരിഹാരത്തുക പൂര്‍ണ്ണമായും ലഭിച്ചു എന്ന് ടി വ്യക്തി സമ്മതിച്ചിരുന്നതിനെത്തുടര്‍ന്ന് കോടതി ഫുള്‍ സാറ്റിസ്ഫാക്ഷന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ടി കാര്യം മറച്ചു വെച്ച് കോടതിയെയും, സര്‍ക്കാരിനെയും കബളിപ്പിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മുഹമ്മദുണ്ണി കോടതിയില്‍ ഗ്രാമപഞ്ചായത്തിനെ കക്ഷിയാക്കാതെ വിധിനടത്തു ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. തുക അടയ്ക്കുവാന്‍ വൈകുന്നതിനു കാരണം സര്‍ക്കാരിന്റെ അലംഭാവമാണെന്നും മറ്റും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ആയതിനെതുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറേറ്റിലെ സാധനസാമഗ്രികള്‍ ജപ്തി ചെയ്ത് ഓഫീസ് പ്രവര്‍ത്തനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുക കൈപ്പറ്റി എന്ന് ഉത്തമബോദ്ധ്യമുണ്ടായിരുന്നിട്ടും മുഹമ്മദുണ്ണി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ജപ്തിനടന്നതിനെതുടര്‍ന്ന് സര്‍ക്കാര്‍ കോടതിയില്‍ തുകയടക്കുകയായിരുന്നു.. വിധിനടത്തുഹര്‍ജി നല്‍കി 1424331 രൂപയാണ് മുഹമ്മദുണ്ണി അധികമായി കൈപ്പറ്റിയത്.
നഷ്ടപരിഹാരത്തുക നേരത്തെ നല്‍കിയ വിവരം പിന്നീട് രേഖകള്‍ പരിശോധിച്ച് സര്‍ക്കാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മുഹമ്മദുണ്ണിയെ പ്രതിയാക്കി വഞ്ചനാക്കുറ്റത്തിന് ക്രിമിനല്‍ കേസും, അധികം കൈപ്പറ്റിയതുക പലിശ സഹിതം തിരിച്ചുപിടിക്കുന്നതിന് ഹര്‍ജിയും ഫയല്‍ ചെയ്യുകയായിരുന്നു. കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ മുഹമ്മദുണ്ണി മരണപ്പെട്ടതിനാല്‍ ക്രിമിനില്‍ കേസ് അവസാനിച്ചിട്ടുള്ളതാണ്. തുക തിരിച്ചു പിടിക്കുന്നതിനുള്ള ഹര്‍ജിയില്‍ ഭാര്യയെയും, മക്കളെയും കക്ഷി ചേര്‍ത്ത് സര്‍ക്കാര്‍ കേസ് നടത്തുകയായിരുന്നു. തുടര്‍ന്നാണ് 1424333 രൂപ 15% പലിശ സഹിതം ഏകദേശം 25 ലക്ഷം രൂപ മരിച്ച മുഹമ്മദുണ്ണിയുടെ അവകാശികളില്‍ നിന്നും പിടിച്ചെടുക്കുവാന്‍ കോടതി വിധിയായത്. ടി സംഖ്യ പിടിച്ചെടുക്കുവാന്‍ റവന്യൂ റിക്കവറി അടക്കമുള്ള നിയമനടപടികള്‍ കോടതി ഉത്തരവ് പ്രകാരം സ്വീകരിക്കാന്‍ കഴിയുന്നതാണ്.
കേസില്‍ സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍മാരായ ജോണ്‍സണ്‍ ടി തോമസും, കെ.എന്‍.വിവേകാനന്ദനുമാണ് ഹാജരായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments