ഗുരുവായൂർ: സുഭിക്ഷ കേരളം പദ്ധതി: ഗുരുവായൂർ നഗരസഭയിൽ ജനകീയ ഹോട്ടലിന് തുടക്കമായി. കെ വി അബ്ദുൾ ഖാദർ എം എൽ എ ഹോട്ടൽ ഉദ്ഘാടനം നിർവ്വഹിച്ചു. 20 രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കുന്ന ജനകീയ ഹോട്ടൽ നിരവധി സാധാരണക്കാരായ മനുഷ്യർക്കാണ് ഉപകാരപ്പെടുന്നത്. ഊണിന് ഒപ്പം പ്രത്യേക വിഭവങ്ങൾക്കും മിതമായ നിരക്ക് നൽകിയാൽ മതിയാകും. പ്രഭാത ഭക്ഷണവും അത്താഴവും തുടർന്നുള്ള ദിവസങ്ങളിൽ ലഭ്യമാക്കും ഹോംഡലിവറി സംവിധാനവും ഏർപ്പെടുത്തും. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെയാണ് ഉച്ചയൂണ് ലഭിക്കുക. ആദ്യ ദിവസം തന്നെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ സംതൃപ്തിയോടെയാണ് മടങ്ങിയത്. ചോറ് , സാമ്പാർ , ഉപ്പേരി , അച്ചാർ , പപ്പടം എന്നിവ അടങ്ങുന്നതാണ് ഉച്ചയൂണ്. മീൻ കറി , മീൻ വറുത്തത് , ചിക്കൻ തുടങ്ങിയവയാണ് പ്രത്യേക വിഭവങ്ങൾ. കുടുംബശ്രീയ്ക്കാണ് ഹോട്ടൽ നടത്തിപ്പ് ചുമതല. പടിഞ്ഞാറെ നടയിലെ നഗരസഭ കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ചെയർപേഴ്സൺ എം രതി ടീച്ചർ, വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ ടി എസ് ഷെനിൽ , എം എ ഷാഹിന , നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് , ദേശീയ നഗര ഉപജീവന മിഷൻ സിറ്റി മാനേജൻ വി എസ് ദീപ , കുടുംബശ്രീ ചെയർപേഴ്സൺമാരായ ഷൈലജ സുധൻ , ബിന്ദു എം കെ എന്നിവർ സന്നിഹിതരായിരുന്നു .