വയനാട്: ഷോറൂമിൽ സർവീസിനു നൽകിയ കാർ മോഷ്ടിച്ചു കടന്ന കള്ളനെ സിനിമാ സ്റ്റൈലിൽ ചെയ്സ് ചെയ്ത് ഉടമയും സംഘവും പിടികൂടി. വാഹനം മോഷ്ടിച്ച ബെംഗളൂരു ന്യൂതുരത്തൻ പാളയം ജനാർദ്ദന സ്കൂളിന് സമീപം നസീർ (56) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബത്തേരി അമ്മായിപ്പാലം സ്വദേശി കാക്കവയലിലെ ഷോറൂമിൽ സർവീസിനു കൊടുത്ത വാഹനം ഇന്നലെ ഉച്ചയോടെയാണു മോഷ്ടാവ് കൈക്കലാക്കിയത്. ഡെലിവറി ബേയിൽ താക്കോൽ സഹിതം കിടന്നതാണ് കള്ളനു കാര്യങ്ങൾ എളുപ്പമാക്കിയതെന്നു പൊലീസ് പറയുന്നു. ദേശീയപാതയിലൂടെ അമിതവേഗത്തിൽ പായുമ്പോൾ മോഷ്ടാവും വാഹനവും കൃഷ്ണഗിരിയിൽ പരിശോധന നടത്തുകയായിരുന്ന പൊലീസിന്റെ ഇന്റർസെപ്റ്ററിൽ പതിഞ്ഞു. ഇതോടെ ഉടമയുടെ ഫോണിലേക്ക് പൊലീസിന്റെ വിളി പോയി.
സർവീസിനു കൊടുത്ത വണ്ടി ഓവർ സ്പീഡിനു പിടിച്ചതറിഞ്ഞ് ഞെട്ടിയ ഉടമ ഷോറൂമിൽ ബന്ധപ്പെട്ടപ്പോഴാണ് ആരോ വണ്ടിയുമായി കടന്നുവെന്നറിയുന്നത്. വിവരം പൊലീസിൽ അറിയിച്ചശേഷം ഉടമ മറ്റൊരു കാറിൽ കള്ളനെ തിരഞ്ഞിറങ്ങി. അമ്പലവയൽ-വടുവഞ്ചാൽ പാതയിലെത്തിയപ്പോൾ ഉടമയുടെ കാറിനു മുന്നിലൂടെ കള്ളൻ ചീറിപ്പാഞ്ഞുപോയി. ആയിരംകൊല്ലിയിലെത്തിയപ്പോൾ സമീപത്തെ ചെറിയ റോഡിലേക്ക് കയറ്റി വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ ബൈക്കുകളെയും ഇടിച്ചിട്ട് റോഡിന് സമീപത്ത് കൂട്ടിയിട്ടിരുന്ന പൈപ്പുകളുടെ മുകളിലൂടെ റോഡിലേക്ക് കടന്ന് വീണ്ടും കള്ളൻ രക്ഷപെട്ടു.
ഉടമയും കൂട്ടരും കാറിൽ പിന്നാലെ. ഒടുവിൽ വടുവൻചാലിൽ മേപ്പാടി റോഡിൽ നിർമാണം നടക്കുന്ന കെട്ടിടത്തിനടുത്ത് മറ്റു വാഹനങ്ങളുടെ ഇടയിൽ മോഷ്ടിച്ച വാഹനം നിർത്തിയിട്ട നിലയിൽ ഉടമയും സംഘവും കണ്ടെത്തി. ഒരാൾ കെട്ടിടത്തിനുള്ളിലേക്കു കയറിപ്പോകുന്നതായി ദൃക്സാക്ഷികൾ പറഞ്ഞതനുസരിച്ച് കെട്ടിടത്തിനുള്ളിൽ നടത്തിയ തിരച്ചിലിനൊടുവിൽ കള്ളനെ ഉടമയും നാട്ടുകാരും ചേർന്നു പിടികൂടി. തല്ലുകിട്ടാതിരിക്കാൻ ബോധം കെട്ടതായി അഭിനയിച്ചു നിലത്തുകിടന്ന കള്ളനെ പിന്നീട് മീനങ്ങാടി പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.