കോട്ടയം: കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയുമായ സിഎഫ് തോമസ് അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണം . കേരളാ കോൺഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളിൽ ഒരാളായിരുന്നു സിഎഫ് തോമസ് .
1980 മുതൽ ചങ്ങനാശ്ശേരി എംഎൽഎയാണ് സിഎഫ് തോമസ് . ഒമ്പത് തവണയാണ് ചങ്ങനാശ്ശേരിയിൽ നിന്ന് സിഎഫ് തോമസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യമുഖം വിവാദങ്ങളിൽ കക്ഷി ചേരാത്ത ജന പ്രതിനിധി എന്നിങ്ങനെയാണ് കേരള രാഷ്ട്രീയത്തിൽ സിഎഫ് തോമസിന്‍റെ സ്ഥാനം. 2001 – 2006 കാലഘട്ടത്തിൽ ഗ്രാമവികസന മന്ത്രിയുമായിരുന്നു സിഎഫ് തോമസ്.
ചങ്ങനാശ്ശേരിയിലാണ് സിഎഫ് തോമസിൻ്റെ ജനനം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയരംഗത്തേക്ക് എത്തിയ അദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് പേരെടുക്കുന്നത്. ആദ്യകാലത്ത് കോൺഗ്രസിൻ്റെ സജീവപ്രവർത്തകനായിരുന്നു അദ്ദേഹം. പിന്നീട് കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ പാർട്ടിയുടെ ചങ്ങനാശ്ശേരി മണ്ഡലം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് കേരള കോൺഗ്രസ് കോട്ടയം സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി. കേരള കോൺഗ്രസ് എമ്മിൻ്റെ ജനറൽ സെക്രട്ടറിയായും ഇടക്കാലത്ത് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. പതിനൊന്നാം നിയമസഭയിൽ ഗ്രാമവികസനം, രജിസ്ട്രേഷൻ, ഖാദി, എന്നി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 1980, 1982, 1987, 1991, 1996, 2001, 2006 വർഷങ്ങളിൽ ചങ്ങനാശ്ശേരിയിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞമ്മയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്