ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സ്ഥാപനകനേതാക്കളിലൊരാളുമായ ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. രാജ്യത്തെ ഏറ്റവും സീനിയറായ പാർലമെൻ്റ് അംഗങ്ങളിൽ ഒരാളായിരുന്നു. വാജ്പേയ് സർക്കാരിൽ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.
കരസേനയിൽ ഉദ്യോഗസ്ഥനായിരുന്ന ജസ്വന്ത് രാഷ്ട്രീയത്തോടുള്ള താത്പര്യത്തെ തുടർന്ന് 1960-ഓടെയാണ് സർവ്വീസിൽ നിന്നും വിരമിച്ചത്. രാഷ്ട്രീയത്തിലേക്ക് വന്ന ജസ്വന്ത് സിംഗ് ബിജെപിയുടെ രൂപീകരണം മുതൽ പാർട്ടിയുടെ ദേശീയമുഖമായി നിലകൊണ്ട നേതാവാണ്. ജസ്വന്ത് സിംഗിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ അനുശോചിച്ചു.
ബിജെപി ടിക്കറ്റിൽ അഞ്ച് തവണ രാജ്യസഭയിലെത്തിയ ജസ്വന്ത് സിംഗ് നാല് തവണ ലോക്സഭയിലേക്കും മത്സരിച്ചു വിജയിച്ചിരുന്നു. 1980,1986,1998,2004 വർഷങ്ങളിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജസ്വന്ത് സിംഗ് 1990,1991,1996,2009 വർഷങ്ങളിൽ ലോക്സഭയിലേക്കും മത്സരിച്ചു ജയിച്ചു. ഒരു വർഷത്തോളം കാലം പ്ലാനിംഗ് ബോർഡിൻ്റെ ഉപാധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതൽ 2009 രാജ്യസഭ പ്രതിപക്ഷനേതാവായിരുന്നു.
2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് പാർട്ടി നേതൃത്വത്തിനും നയത്തിനുമെതിരെ ജസ്വന്ത് വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിൻ്റേതായി പുറത്തു വന്ന പുസ്തകത്തിൽ മുഹമ്മദലി ജിന്നയെ അനുകൂലിച്ച് നടത്തിയ ചില പരാമർശങ്ങളെ തുടർന്ന് ജസ്വന്ത് സിംഗ് പാർട്ടിയിൽ ഒറ്റപ്പെട്ടു.
2014-ൽ ജസ്വന്തിനെ ഒരു സീറ്റിലും മത്സരിപ്പിക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചതോടെ വിമതസ്ഥാനാർത്ഥിയായി ജസ്വന്ത് സിംഗ് രാജസ്ഥാനിലെ ബർമ്മയിൽ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥിയോട് തന്നെ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആഗസ്റ്റ് ഏഴിന് വീട്ടിലെ ബാത്ത് റൂമിൽ വീണ അദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അന്നു മുതൽ കിടപ്പിലായ ജസ്വന്ത് സിംഗ് ഇത്ര വർഷവും കോമയിലായിരുന്നു.