ചാവക്കാട്: പുതുതായി ഒഴിവു വന്ന ചുമട്ട് തൊഴിലാളി ബോർഡിലേക്ക് എസ്.ടി.യു പ്രതിനിധിയായി ചാവക്കാട്ടുക്കാരെ തഴഞ്ഞ് പാലക്കാട് ജില്ലയിൽ നിന്നുള്ളയാളെ ഉൾപ്പെടുത്താനുള്ള നേതൃതീരുമാനത്തിനെതിരെ എതിർപ്പുമായി മുസ്ലിം ലീഗ് നേതാവ് രംഗത്ത്. ചാവക്കാട് പുതിയ പാലത്തിനു സമീപം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കയറ്റിറക്ക് ചുമട്ട് തൊഴിലാളി ബോർഡിലാണ് പുതിയ ഒഴിവുള്ളത്. നാല് തൊഴിലാളികളുടെ ഒഴിവുള്ളതിൽ സി.പി.എം, സി.എം.പി, കോൺഗ്രസ് തൊഴിലാളി സംഘടനയിൽ നിന്നാണ് മറ്റു മൂന്ന് പേർ. മുസ്ലിം ലീഗിന് കീഴിലുള്ള എസ്.ടി.യു ജില്ലാ നേതൃത്വമാണ് തിരുവില്ലാമല സ്വദേശിയെ തങ്ങളുടെ പ്രതിനിധിയായി കണ്ടെത്തിയിട്ടുള്ളത്. ചാവക്കാട്, കടപ്പുറം, ഒരുമനയൂർ, പുന്നയൂർ ഉൾപ്പടെ ഗുരുവായൂർ മണ്ഡലത്തിൽ തന്നെ മുസ്ലിം ലീഗിൻ്റേയും യൂത്ത് ലീഗിൻ്റേയും പ്രവർത്തകരുള്ളപ്പോഴാണ് എസ്.ടി.യു നേതൃത്വം ജില്ല മാറി ആളെയിറക്കുന്നതെന്നാണ് ലീഗ് പ്രവർത്തകരുടെ ആക്ഷേപം. ഒഴിവുള്ള സ്ഥാനത്തേക്ക് ചാവക്കാട് സ്വദേശിയായ നിർധന കുടുംബത്തിൻ്റെ ഏക ആശ്രയമായ ഒരു മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ്റെ പേര് നൽകിയിരുന്നു. ജോലി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഈ ഉറപ്പാണ്
ഇന്ന് ചേർന്ന യോഗത്തിൽ തകിടം മറച്ചതത്രേ. ഈ യോഗത്തിൽ നഗരസഭ, നിയോജക മണ്ഡലം എസ്.ടി.യു നേതാക്കളെ ക്ഷണിച്ചിരുന്നില്ല. തിങ്കളാഴ്ച്ചക്ക് മുമ്പ് എസ്.ടി.യു നേതൃത്വത്തിൻ്റെ തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവും സമരങ്ങളും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒരു വിഭാഗം.