ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനം. ഇന്ന് ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം. ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ബുക്കിംഗ് പ്രകാരമുള്ള സന്ദർശകർ ഇല്ലാത്ത സമയത്ത് മറ്റുള്ളവർക്ക് തിരിച്ചറിയൽ കാർഡ് പ്രകാരം പ്രവേശനം അനുവദിക്കും.
പ്രദേശവാസികൾ , ജീവനക്കാർ, പെൻഷൻകാർ, ക്ഷേത്രം പാരമ്പര്യ പ്രവർത്തിക്കാർ, പത്ര പ്രവർത്തകർ എന്നിവർക്ക് അനുവദിച്ച സന്ദർശന സമയം പുലർച്ചെ 4. 30 മുതൽ രാവിലെ 8. 30 വരെയുള്ള സമയത്ത് മുൻകൂർ ബുക്കിങ് പ്രകാരമുള്ള സന്ദർശകർ ഇല്ലാതെ വരുന്നപക്ഷം തിരിച്ചറിയൽ കാർഡ് മുഖേന ക്ഷേത്രത്തിൽ പ്രവേശിക്കും. മുടങ്ങി കിടക്കുന്ന ഉദയാസ്തമനപൂജ, ചുറ്റുവിളക്ക് എന്നി വഴിപാടുകൾ ഒരു ദിവസം മൂന്ന് ബുക്കിങ്ങുകാർ ആരെങ്കിലും തയ്യാറായി വരുന്ന പക്ഷം അത്തരക്കാരെ പങ്കെടുപ്പിച്ച് നവംബർ 28 മുതൽ ആരംഭിക്കും. ദേവസ്വം വക മീറ്റിംഗ് ഹാളുകളുടെയും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെയും ബുക്കിംഗ് ഉടൻ പ്രാബല്യത്തിൽ ആരംഭിക്കും. 13 കീഴ് ശാന്തി കുടുംബങ്ങൾക്ക് ഇപ്പോഴുള്ള പ്രതിമാസ ശമ്പളം ഇരട്ടിയാക്കാനും ശാന്തിയേറ്റ നമ്പൂതിരിമാരുടെ പ്രതിഫലം 15,000 രൂപയായി വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ കെ ബി മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി പ്രശാന്ത്, കെ അജിത്ത്, കെ വി ഷാജി, ഇ പി ആർ വേശാല, അഡ്മിനിസ്ട്രേറ്റർ ടി ബ്രീജാ കുമാരി എന്നിവർ പങ്കെടുത്തു.