ഓരോ വാർഡിലും ശരാശരി എൺപതിൽപരം വോട്ട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ.
വാടാനപ്പള്ളി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി വോട്ടർ പട്ടിക ക്രമീകരിക്കുന്നതിൻ്റെ മറവിൽ ആസൂത്രിതമായി ആക്ഷേപമുന്നയിച്ച് ന്യൂനപക്ഷ വോട്ടുകൾ നീക്കം ചെയ്യാനുള്ള ചിലരുടെ ശ്രമത്തിന് അധികാരികൾ ഒത്താശ ചെയ്യുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വോട്ട് ചേർക്കുന്നതിനുള്ള ഹിയറിങ്ങിൽ പോലും ഇളവുകൾ ഉള്ള സാഹചര്യത്തിൽ വാടാനപ്പളളിയിലെ പതിനെട്ട് വാർഡിലും സ്ഥിരതാമസക്കാരായ വോട്ടുകൾ നീക്കം ചെയ്യാനാണ് ആസൂത്രി ശ്രമം നടക്കുന്നത്. ഓരോ വാർഡിലും ശരാശരി എൺപതിൽപരം വോട്ടുകളാണ് ഇങ്ങനെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ചിലവാർഡുകളിൽ നൂറിന് മുകളിലും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ആക്ഷേപങ്ങൾ പരിഗണിച്ച് വോട്ട് നീക്കം ചെയ്യുന്നത് നിർത്തിവെച്ച് വോട്ടർ പട്ടികയുടെ തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ന്യൂനപക്ഷ സെൽ മണ്ഡലം കമ്മിറ്റി പരാതി നൽകി. മണലൂർ ബ്ലോക്ക് ചെയർമാൻ എ.എ.മുജീബ്, മണ്ഡലം ചെയർമാൻ ആർ.എം.ഷെരീഫ്, കോൺഗ്രസ്സ് നേതാക്കളായ ഇ ബി ഉണ്ണികൃഷ്ണൻ, ബെന്നി വാടാനപ്പള്ളി, ഷിർഷാദലി അരയങ്കര, എ എം.മുൻഷാർ, പ്രജിഷ്പ്രഭാകർ തുടങ്ങിയവർ പ്രതിഷേധിച്ചു.