ഗുരുവായൂർ: യെമനില്‍ വധശിക്ഷക്ക് വിധിയ്ക്കപ്പെട്ട് തടവില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് പി.ടി കുഞ്ഞുമുഹമ്മദും ജനറൽ സെകട്ടറി കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എയും സംയുക്ത പ്രസ്താവനയിലൂടെ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി കാര്യാലയം നേരിട്ട് തന്നെ ഇക്കാര്യത്തില്‍ ഇടപെടണം. യെമനില്‍ ഒരു ക്ലീനിക് നടത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശീയനായ യുവാവിന്‍റെ മരണമാണ് വധ ശിക്ഷയിലേക്ക് എത്തിച്ചത്. യമനിലെ പ്രത്യേക സാഹചര്യത്തില്‍ കേസ് ശരിയായ രീതിയില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. എംബസിയുടെ ഭാഗത്തു നിന്നും ഇടപെടാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. യുദ്ധസാഹചര്യമായിരുന്നു അന്ന് പ്രതിബന്ധമായിരുന്നത്. യെമന്‍ തലസ്ഥാനത്ത് എംബസി പ്രവര്‍ത്തിച്ചിരുന്നില്ല. താല്‍ക്കാലിക എംബസി ജിബൂട്ടിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് കേസ് നടത്തിപ്പിനെ ബാധിച്ചു. വിധി നിമിഷയ്ക്ക് പ്രതികൂലമാവുകയും ചെയ്തു. പ്രായമായ അമ്മയും ഭര്‍ത്താവും ഏഴുവയസ്സുള്ള പെണ്‍കുട്ടിയും ആണ് നിമിഷയ്ക്കുള്ളത്. യുവതിയുടെ മോചനം ലക്ഷ്യം വച്ച് ലോക കേരള സഭാംഗങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. ഇത് ആശ്വാസകരമാണ്. കേന്ദ്ര വിദേശ മന്ത്രാലയം അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കണം. കേരള സര്‍ക്കാരിന്‍റെ നോര്‍ക്ക വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പാര്‍ലമെന്‍റ് അംഗങ്ങളും രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തില്‍ ശക്തമായി ഇടപെടണം. ബഹുജന സമ്മര്‍ദ്ദം ഉയര്‍ത്തുവാന്‍ മുഴുവന്‍ ജനകീയ പ്രസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും കേരള പ്രവാസി സംഘം നേതാക്കൾ വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു.