ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്ത സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ ഇടംനേടി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്‍ലിയാരും. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് ഇരുവരുടേയും പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായവരുടെ പേരുകളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ആലിമുസ്‍ലിയാരുടെ സഹചാരിയും പോരാട്ടങ്ങളിൽ സജീവസാന്നിധ്യവുമായിരുന്നു വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ വിവരങ്ങളും കുഞ്ഞഹമ്മദ് ഹാജിയേയും പിതാവിനേയും മക്കയിലേക്ക് നാടുകടത്തിയതും തിരിച്ചെത്തിയിട്ടും ഖിലാഫത്ത് നേതാവായി പ്രവര്‍ത്തനം തുടര്‍ന്നതും 2019 ൽ പുറത്തിറങ്ങിയ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. സാംസ്‌കാരിക-ചരിത്ര ഗവേഷണ മന്ത്രാലയം അഞ്ച് വോള്യങ്ങളായാണ് പുസ്തകം പുറത്തിറക്കിയത്. അഞ്ചാം വോള്യത്തില്‍ 248-ാം പേജില്‍ ആലി മുസ്ലരിയാരേക്കുറിച്ചും വാരിയന്‍ കുന്നത്തിനേക്കുറിച്ചും പറയുന്നുണ്ട്.
വാരിയന്‍കുന്നത്തിന്റെ ജീവിതം പ്രമേയമാക്കി പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയംകുന്നന്‍ എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനത്തെച്ചൊല്ലി കേരളത്തില്‍ ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു. ഹൈന്ദവർക്കെതിരെ നടന്ന അക്രമമായിരുന്നു മലബാര്‍ കലാപമെന്നായിരുന്നു എന്നായിരുന്നു ബി.ജെ.പിയുടേയും ഹിന്ദു ഐക്യവേദിയുടേയും വിമർശനം. ഇതേതുടര്‍ന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും വലിയ സൈബര്‍ ആക്രമണങ്ങളും നേരിട്ടിരുന്നു.