Friday, November 22, 2024

സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തം; ഫയലുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ തീപ്പിടിത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് റിപ്പോർട്ട്. ഫയർഫോഴ്സ് എത്തി തീ അണച്ചു. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് സൂചന.

കത്തിനശിച്ച ഫയലുകൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പൊളിറ്റിക്കൽ വിഭാഗത്തിലെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസും ഇവിടെയാണുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോൾ ഓഫീസറോടാണ്. അതേസമയം പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി പി. ഹണി പറഞ്ഞു. ഇന്നലെ പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി മറ്റു ജീവനക്കാർ എല്ലാം ക്വാറന്റീനിലായിരുന്നു. രണ്ട് ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്ക് എത്തിയിരുന്നത്. കമ്പ്യൂട്ടറിൽനിന്നുള്ള ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത്. ഉടൻ ഫയർഫോഴ്സിനെ അറിയിക്കുകയും തീ പൂർണമായും അണയ്ക്കുകയും ചെയ്തു. പ്രധാനമായും വിവിധ ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. നാല് മാസത്തിലധികം മുൻപുള്ള ഫയലുകളാണ് കത്തിനശിച്ചത്. പ്രധാനപ്പെട്ട ഒരു ഫയലും കത്തിനശിച്ചിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളൊന്നും തീപ്പിടിത്തമുണ്ടായ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments