രചന: മലയാള ഭാഷയിലെ ആദ്യ ട്രാൻസ്ജെൻഡർ കവി വിജയരാജമല്ലിക.
തൃശൂർ: മലയാള ഭാഷയിൽ മിശ്ര ലിംഗക്കാരായ കുഞ്ഞുങ്ങൾക്ക് വേണ്ടി ആദ്യമായി ഒരു താരാട്ടുപാട്ടിൻ്റെ ആൽബം .
‘ആണല്ല, പെണ്ണല്ല, കൺമണി നീയെൻ്റെ തേൻ മണിയല്ലൊ …’ രചന മലയാള ഭാഷയിലെ ആദ്യ ട്രാൻസ്ജെൻഡർ കവി വിജയരാജമല്ലിക.
‘ശാപമല്ല, പാപമല്ല, ഓമനേ നീ, എന്റേ ജീവിതത്തിൽ വന്നുദിച്ച ഭാഗ്യജാതകം….’,
‘മകനല്ല, മകളല്ല മാരിവില്ലേ, മാറോട് ചേർക്കുന്നു ഞാൻ നിന്നെ, നൽകുന്നു നിറുകയിലൊരുമ്മ, ജന്മസാഫല്യത്തിന് നൂറുമ്മ…. ‘
ഗായകരും എഴുത്തുകാരുമായ കരിമ്പുഴ രാധ, ഷിനി അവന്തിക എന്നിവർ സംഗീതം നൽകിയാണ് ഈ ഉറക്കു പാട്ട് ചിട്ടപ്പെടുത്തിയത്.
ദ്വന്ദ്വ ബോധങ്ങളുടെ പിടിയിൽനിന്നും ഇതുവരെ മുക്തമാകാത്ത സമൂഹം ശാപമായും പാപമായും മിശ്ര ലിംഗക്കാരായ കുഞ്ഞുങ്ങളെ നോക്കികാണുന്ന വ്യവസ്ഥിതിയിൽ മാറ്റം വരണം രചയിതാവായ വി ജയരാജമല്ലിക ആവശ്യപ്പെടുന്നു.
‘ഈ കുഞ്ഞുങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ജനനത്തിൽ തന്നെ ശസ്ത്രക്രിയയിലൂടെ ആണോ പെണ്ണോ ആക്കി വളർത്തുന്ന കുടുംബം പിന്നീട് അവരിൽ കണ്ടുവരുന്ന വ്യത്യാസങ്ങളെ ഉൾകൊള്ളാൻ ആകാതെ തെരുവിലേക്ക് വലിച്ചെറിയുന്നു. ചിലർ ശാപമായും പാപമായും കാണുന്നെങ്കിലും വളരെ ചുരുക്കം മാതാപിതാക്കൾ ഈ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കാറുണ്ട്. ആണോ പെണ്ണോ അല്ല, സ്വാഭിമാനമുള്ള മനുഷ്യരായി ആ കുഞ്ഞുങ്ങൾ വളർന്നുവരേണ്ടതുണ്ട്. ആരൊക്കെ മാറ്റിനിർത്തിയാലും, ഒറ്റപ്പെടുത്തിയാലും, സ്വന്തം അമ്മക്ക് ചേർത്തുനിർത്താനുള്ള കെൽപ്പുണ്ടെങ്കിൽ പിന്നെ എന്ത് പ്രശ്നം? ‘ വിജയരാജ മല്ലിക ചോദ്യം.
ഇന്നലെയാണ് (ഞായറാഴ്ച്ച) ഈ കവിതയുടെ ദൃശ്യാവിഷ്ക്കാരം യൂറ്റ്യൂബിലൂടെ നാടറിഞ്ഞു തുടങ്ങിയത്.
ഗാനത്തിൻ്റെ ഓൺലൈൻ പ്രകാശനം നർത്തകിയും സാഹിത്യകാരിയുമായ ഡോ. രാജശ്രീ വാര്യരാണ് നിർവഹിച്ചത്. തൃശൂരിൽ നടന്ന പരിപാടിയിൽ സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗവും പ്രമുഖ ഇൻറർസെക്സ് ആക്ടിവിസ്റ്റുമായ ചിഞ്ചു അശ്വതി രാജപ്പൻ, കവിയത്രി സതി അങ്കമാലി എന്നിവർ പങ്കെടുത്തു.
തൃശൂർ മുതുവറ സ്വദേശിയാണ് വിജയരാജമല്ലിക. മണ്ണുത്തി സ്വദേശി ജാഷിമാണ് വിജയരാജമല്ലികയെ വിവാഹം കഴിച്ചത്. പാരാലീഗല്‍ വോളന്‍ഡിയറും ഫ്രീലാന്‍സ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമാണ് ജാഷിം.
ദൈവത്തിന്റെ മകൾ (50 കവിതകൾ അടങ്ങിയ ആദ്യ കവിതാ സമാഹാരം), ആൺനദി (60 കവിതകൾ അടങ്ങിയ കവിതാ സമാഹാരം), മല്ലികാവസന്തം (ആത്മകഥ),
ജിലേബി (കവിത) എന്നിവയാണ് പ്രധാന കൃതികൾ.
മല്ലികയുടെ കവിതാസമാഹാരം മദ്രാസ് സര്‍വകലാശാലയില്‍ എം.എ മലയാളം പാഠ്യവിഷയമാണ്. ഈ പുസ്തകത്തിലെ രണ്ടു കവിതകള്‍ എം.ജി, കാലടി ശങ്കാരാചാര്യ സര്‍വകലാശാലകളിലും പഠനവിഷയമാണ്.
2016 ൽ അരളി പുരസ്ക്കാരവും വയലാറിൻ്റെ പേരിൽ യുവകലാസാഹിതി ഏർപ്പെടുത്തിയ
‘യുവകലാസാഹിതി വയലാർ കവിതാ പുരസ്കാരം’ 2019 ൽ ‘ദൈവത്തിന്റെ മകൾ ‘ എന്ന സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.