Thursday, September 19, 2024

ഒടുവിൽ അപകടത്തിൽ നിന്നും അദ്‌ഭുതകരമായി രക്ഷപ്പെട്ട ആ ‘ഭാഗ്യ’വാനെ കണ്ടെത്തി;

ചവറ (കൊല്ലം) :ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെ അപകടത്തിൽനിന്ന്‌ അദ്‌ഭുതകരമായി രക്ഷപ്പെട്ട ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. ഇടതുവശത്തുകൂടി തൊട്ടുതൊട്ടില്ലെന്നമട്ടിൽ പാഞ്ഞുപോയവാഹനം തട്ടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മേനാമ്പള്ളി ചേമത്ത് തെക്കതിൽ ശ്രീകുമാർ (52) ആണ്. ചവറ തട്ടാശ്ശേരിക്ക് സമീപത്തെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ അപകടദൃശ്യം വൈറൽ ആയതോടെ, രക്ഷപ്പെട്ടയാളെ രണ്ടുദിവസമായി തിരയുകയായിരുന്നു നാട്ടുകാർ. നിർമാണത്തൊഴിലാളിയായ ശ്രീകുമാർ, വർഷങ്ങൾക്കുമുമ്പ് തമിഴ്നാട്ടിൽനിന്നെത്തി ചവറയിൽ സ്ഥിരതാമസമാണ്.

സംഭവമിങ്ങനെ: വെള്ളിയാഴ്ച രാവിലെ ആറിന് ബന്ധുവിനൊപ്പം ബൈക്കിൽ നല്ലേഴ്‌ത്ത്മുക്കിൽ എത്തിയശേഷം തട്ടാശ്ശേരിയിലെ ഒരുവീട്ടിൽ ജോലിക്കായി റോഡരികിലൂടെ നടന്നുപോവുകയായിരുന്നു ശ്രീകുമാർ. തട്ടാശ്ശേരിക്ക് സമീപമെത്തിയപ്പോൾ പിന്നിലൂടെ അമിതവേഗത്തിൽവന്ന പിക്കപ്പ് വാൻ, റോഡുവിട്ട് ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്തുകൂടി ശ്രീകുമാറിന്റെ ഇടതുവശംചേർന്ന് പാഞ്ഞുപോകുന്നതാണ് ദൃശ്യത്തിൽ. വാഹനം കടന്നുപോകുമ്പോൾ, ഒന്നുമറിയാതെ നടന്നുപോകുന്ന ശ്രീകുമാറിനെ കാണാം. സമീപത്തെ നിരീക്ഷണ ക്യാമറ വെച്ചിരുന്ന തൂൺ ഇടിച്ചുവീഴ്‌ത്തി വാഹനം വീണ്ടും ദേശീയപാതയിലേക്കുകയറി കുറച്ചുദൂരം ഓടി. ഇതുകണ്ട് പകച്ചുനിന്ന ശ്രീകുമാർ, കാര്യം മനസ്സിലായപ്പോൾ ദൈവത്തോട് പ്രാർഥിക്കുന്ന ദൃശ്യങ്ങളാണ് നവമാധ്യമങ്ങളിൽ വൈറലായത്.

ദൈവത്തിന്റെ അദൃശ്യകരങ്ങളാണ് രക്ഷപ്പെടുത്തിയതെന്ന് ശ്രീകുമാറും കുടുംബവും പറയുന്നു. വൈറൽ ആയ വീഡിയോ കണ്ടപ്പോഴാണ് അപകടത്തിന്റെ തീവ്രത മനസ്സിലായതെന്ന്‌ ശ്രീകുമാറിന്റെ ഭാര്യ താര, മക്കളായ അഖിൽകുമാർ , അശ്വതി, മരുമകൾ രേഷ്മ എന്നിവർ പറഞ്ഞു.

പാലുമായിപ്പോയ വാഹനമാണ് നിയന്ത്രണംവിട്ട് അപകടം വരുത്തിയത്. ഡ്രൈവർ ഉറങ്ങിയതാണ് കാരണം. വാഹനമിടിച്ച ക്യാമറ നന്നാക്കിക്കൊടുക്കാമെന്ന ഉറപ്പിന്മേൽ പോലീസ് കേസ്‌ എടുക്കാതെ വണ്ടി വിട്ടുകൊടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments