Thursday, September 19, 2024

പി.എസ്.ജിക്ക് കണ്ണീരോടെ മടക്കം; ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിൽ മുത്തമിട്ട് ബയേൺ

ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം അങ്ങനെ ആറാം തവണയും മ്യൂണിക്കിലേക്ക്. ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് ചാമ്പ്യൻമാരായ പാരീസ് സെയ്ന്റ് ഷാർമാങ്ങിനെ (പി.എസ്.ജി) ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ബുണ്ടസ് ലിഗ ജേതാക്കളായ ബയേൺ മ്യൂണിക്ക് കിരീടം സ്വന്തമാക്കിയത്.

59-ാം മിനിറ്റിൽ കിങ്സ്ലി കോമാനാണ് ബയേണിന്റെ വിജയ ഗോൾ നേടിയത്. ജോഷ്വ കിമ്മിച്ചിന്റെ പാസിൽ നിന്ന് ഹെഡറിലൂടെയായിരുന്നു കോമാന്റെ ഗോൾ. പതിനൊന്നാം ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്ന ബയേൺ മ്യൂണിക്കിന്റെ ആറാം കിരീടമാണിത്. 2013-ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ശേഷം തുടർച്ചയായ നാല് സെമി ഫൈനലുകളിൽ തോറ്റുമടങ്ങേണ്ടി വന്നതിന്റെ ക്ഷീണം ബയേൺ ഇത്തവണ തീർത്തു.

സെമി ഫൈനൽ കളിച്ച ടീമിൽ നിന്ന് ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമും കളിക്കാനിറങ്ങിയത്. ബയേൺ പെരിസിച്ചിന് പകരം കോമാനെ ആദ്യ ഇലവനിൽ ഇറക്കിയപ്പോൾ പരിക്ക് കാരണം സെമിയിൽ പുറത്തിരുന്ന ഗോൾകീപ്പർ കെയ്ലർ നവാസ്, റിക്കോയ്ക്ക് പകരം കളത്തിലിറങ്ങി.

പതിവു പോലെ 4-2-3-1 ശൈലിയിൽ തന്നെയാണ് കോച്ച് ഹാൻസ് ഫ്ളിക്ക് ബയേണിനെ കളത്തിലിറക്കിയത്. പി.എസ്.ജി കോച്ച് തോമസ് ടുച്ചലാകട്ടെ 4-3-3 ശൈലിയിലും ടീമിനെ കളത്തിലിറക്കി.

ഗോൾ കീപ്പർ മാനുവൽ നൂയറുടെ സേവുകൾ ആദ്യ പകുതിയിൽ ബയേണിന്റെ രക്ഷയ്ക്കെത്തി. 19-ാം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്തും 71-ാം മിനിറ്റിലും പി.എസ്.ജിയുടെ ഗോളെന്നുറച്ച ഷോട്ടുകളാണ് നൂയർ രക്ഷപ്പെടുത്തിയത്.

മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് പി.എസ്.ജിക്ക് തിരിച്ചടിയായത്. 26-ാം മിനിറ്റിൽ ലഭിചച്ച അവസരം ഡി മരിയ പുറത്തേക്കടിച്ചുകളയുകയും ചെയ്തു.

2019 ഡിസംബറിന് ശേഷം തോൽവി അറിയാതെ ഇതോടെ 29 മത്സരങ്ങളാണ് ബയേൺ പൂർത്തിയാക്കിയത്. 98 ഗോളുകൾ അടിച്ചുകൂട്ടിയ ജർമൻ ടീം വെറും 22 ഗോളുകൾ മാത്രമാണ് ഇക്കാലയളവിൽ വഴങ്ങിയത്. ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിൽ 11 കളിയിൽ നിന്ന് 43 ഗോളാണ് ബയേൺ അടിച്ചെടുത്തത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ജർമൻ ടീമിന്റെ കിരീടധാരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments