Friday, September 20, 2024

അത്തം പിറന്നു; മലയാളിക്ക് ഇത്തവണ ജാഗ്രതയുടെ ഓണം

തൃശൂർ: പ്രതീക്ഷയുടെ നിറവില്‍ ഇന്ന് അത്തം ഒന്ന്. ഇനി പത്തുനാള്‍ മലയാളികള്‍ക്ക് ഓണക്കാലം.പക്ഷേ ഇത്തവണ നാട്ടിന്‍പുറത്തിന്റെ സ്വന്തം പൂക്കള്‍കൊണ്ടേ അത്തപ്പൂക്കളം അലങ്കരിക്കാനാവൂ.ഓണം നിറവിന്റെ പ്രതീകമാണ്. ഇല്ലങ്ങളിലെ പത്തായങ്ങള്‍ നിറഞ്ഞ് കവിയും, അടിയാന്മാരുടെ കുടിലുകളില്‍ വല്ലങ്ങള്‍ നിറയും. മാനുഷരെല്ലാരുമൊന്നുപോലെ… എന്ന ഈരടികളെ ഓര്‍മപ്പെടുത്തി, ഈ വിളവെടുപ്പുത്സവം മലയാളിയുടെ ഒത്തൊരുമയുടെ ഉത്സവമായിമാറും.അത്തം നാള്‍ മുതല്‍, തിരുവോണം വരെ പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണം നാള്‍ മാവേലിയെ നടുമുറ്റത്ത് കുടിയിരുത്തി, ഓണപ്പന്തുകളിയും, ഓണത്തല്ലും, വീട്ടിനുള്ളിലും പുറത്തും ഉള്ളവര്‍ക്ക് ഓണക്കോടിയും, വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി, ചതയം നാള്‍വരെ, ഓണം പൊടിപൊടിക്കുമായിരുന്നു. അരിയിടിക്കലും വറക്കലും, കായവറുക്കലും, കൊണ്ടാട്ടമുണക്കലും, അടപരത്തലും, അച്ചാറിനിടീലും, ചക്ക വരട്ടലും ഒക്കെയായി ഒരുമാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങുമായിരുന്നു. ‘കാണം വിറ്റും ഓണമുണ്ണണം.’എന്നൊരു ചൊല്ലുണ്ടായിരുന്നു. ഓരോ ദിവസവും ഓരോ പായസം, അടപ്രഥമന്‍, ചക്കപ്രഥമന്‍, കടല പ്രഥമന്‍, പാലട, ഓലന്‍, കാളന്‍, അവിയല്‍.മലയാളികളുടെ ദേശീയോത്സവത്തിന് പക്ഷേ ഇത്തവണ പൊലിമയില്ല. കൊവിഡ് അപഹരിച്ച ആഘോഷത്തിന് വിഷാദഭാവമാണ് നല്‍കുന്നത്. മഹാബലി എന്ന രാജാവിന്റെ ഭരണകാലം ഒരോര്‍മ്മയുടെ നാളം നന്മയുടെ പ്രകാശം പകര്‍ന്ന് നമ്മിലൂടെയും കടന്നുപോകുകയാണ്.ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണ്. ഒരു കാലത്ത് കൊച്ചിക്കടുത്തുള്ള തൃക്കാക്കര വാണിരുന്ന മഹാബലി, പെരുമാള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനായി, ചിങ്ങത്തിലെ അത്തം നാളില്‍ ജനങ്ങളെ ക്ഷേത്രസന്നിധിയില്‍ വിളിച്ചുവരുത്തുകയും, ആഘോഷങ്ങള്‍ നടത്തുകയും ചെയ്തിരുന്നുവത്രെ. ഇന്നും കൊച്ചിരാജാവ് നടത്തിപ്പോരുന്ന അത്തച്ചമയം ഇതാണെന്നു കരുതപ്പെടുന്നു. ഈ ഉത്സവാഘോഷമാണു പിന്നീടു തിരുവോണമായി പരക്കെ ആഘോഷിച്ചു തുടങ്ങിയതത്രെ. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം.അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും, അതിനേക്കാള്‍ വളരെ മുന്‍പേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികള്‍ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ ‘മധുരൈകാഞ്ചിയിലാണ്’ ഓണത്തെക്കുറിച്ചുളള ആദ്യപരാമര്‍ശങ്ങളുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments